ജി 20 ഉച്ചകോടി; ഡൽഹിയിലെ ചേരികള്‍ നെറ്റ് കൊണ്ട് മറച്ച് അധികൃതർ

single-img
3 September 2023

ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കെ രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചേരികള്‍ മറച്ച് അധികൃതർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലാണ് നെറ്റ് ഉപയോഗിച്ച് ചേരികളിലെ വീടുകള്‍ മറയ്ക്കുന്നത്.

അതേസമയം, ജി 20യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതർ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു. നേരത്തെ 2020 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സന്ദർശന വേളയില്‍ ഗുജറാത്തില്‍ മതില്‍ പണിതാണ് ചേരി മറച്ചത്. സംഭവം ഏറെ വിവാദമായിരുന്നു. ലോകത്തെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കുന്ന ജി20ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോള്‍ രാജ്യതലസ്ഥാനത്തെ ചേരി മറയ്കാനുള്ള നെട്ടോത്തിലാണ് സർക്കാർ.

കൂട്ടായ്മയിലെ പ്രധാനവേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്നു ചേരി നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന ഏകദേശം അൻപതോളം വീടുകള്‍ പൊളിച്ചു നീക്കി. ജി 20 തുടങ്ങാൻ ദിവസങ്ങള്‍ ശേഷിക്കെ നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയാണ് ഈ വിധം മറച്ചത്. ഗ്രീൻ നെറ്റ് ഉപയോഗിച്ച് ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. ഗ്രീൻ നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.