കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്കയുമായി സ്വകാര്യ ബസ് ഉടമകള്‍

single-img
18 May 2026

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ പറഞ്ഞു.

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്നും ടി. ഗോപിനാഥന്‍ ആവശ്യപ്പെട്ടു. “ടിക്കറ്റ് നിരക്ക് കൂട്ടാതെയെങ്കില്‍ സ്വകാര്യ ബസ് മേഖലയ്ക്ക് പിടിച്ചു നില്‍ക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കുമെന്നും സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ടി. ഗോപിനാഥന്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക എന്നത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍, ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു