തമിഴ്നാട്ടിലെ കോളേജുകളിലെ പ്രതിഷേധ വിലക്ക്; വിവാദ ഉത്തരവിന് പിന്നിൽ ചീഫ് സെക്രട്ടറിയുടെ യോഗം

തമിഴ്നാട്ടിലെ കോളേജുകളിൽ വിദ്യാർഥികളുടെ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവിന് പിന്നിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമെന്ന് റിപ്പോർട്ട്. ജൂലൈ 28ന് നടന്ന പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് വിദ്യാർഥികളെ സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന നിർദേശം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോളേജ് പ്രിൻസിപ്പൽമാർക്ക് കർശന നിർദേശങ്ങൾ നൽകിയത്. കോളേജ് ക്യാമ്പസുകളിൽ വിദ്യാർഥികൾ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നത് നിയന്ത്രിക്കണമെന്നായിരുന്നു നിർദേശം.
എന്നാൽ ഉത്തരവ് പുറത്തുവന്നതോടെ വലിയ വിവാദമാണ് ഉയർന്നത്. വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന നടപടിയാണിതെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയർന്നു.
വിവാദം ശക്തമായതോടെ സർക്കാർ ഇടപെടുകയും കോളേജുകളിലെ പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി പിൻവലിക്കുകയും ചെയ്തു. വിദ്യാർഥികളുടെ സമരാവകാശത്തെ ബാധിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സർക്കാർ തീരുമാനം പിൻവലിച്ചതെന്നാണ് വിവരം.


