മുൻ ആഴ്സണൽ മാനേജർ ആഴ്സൻ വെംഗർ ഇന്ത്യയിലേക്ക്

single-img
1 December 2022

മുൻ ആഴ്‌സണൽ മാനേജറും ഫിഫയുടെ നിലവിലെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവിയുമായ ആഴ്‌സെൻ വെംഗർ ഇന്ത്യയിലേക്ക്. രാജ്യത്തെ യുവജന വികസന പദ്ധതികളെക്കുറിച്ച് ഉപദേശം നൽകുന്നതിന് വേണ്ടിയാണ് വെംഗർ സന്ദർശിക്കുന്നതെ ന്ന് എഐഎഫ്‌എഫ് അറിയിച്ചു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബെ വെംഗറുമായും ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും (എഎഫ്‌സി) മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഇന്ത്യയിലെ യുവജന വികസന പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി.

ഇന്ത്യയിലെ യുവജന വികസന പദ്ധതികളെക്കുറിച്ച് ഫിഫയുടെയും എഎഫ്‌സിയുടെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ചൗബെ സമഗ്രമായ ചർച്ചകൾ നടത്തിയിരുന്നു, പദ്ധതികളെക്കുറിച്ച് ഉപദേശിക്കാൻ ആർസെൻ വെംഗറിന് ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം എന്ന് എഐഎഫ്‌എഫ് ഐ-ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം അറിയിച്ചു.

ചൗബെയും എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും ലോകകപ്പിനിടെ ദോഹയിൽ വെച്ച്
ഫിഫ, എഎഫ്‌സി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികൾ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രഭാകരൻ യോഗത്തിൽ അറിയിച്ചു.

ടാസ്‌ക് ഫോഴ്‌സിന് എഐഎഫ്‌എഫ് പ്രതിനിധികളുമായി നിരന്തരം ചർച്ചകൾ നടത്തുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കും അവസരം ഒരുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിയുടെ ഗുണപരവും വാണിജ്യപരവുമായ കാര്യങ്ങൾ എടുത്താൽ ഇന്ത്യൻ ഫുട്ബോളിൽ അഞ്ഞൂറ് ശതമാനം വളർച്ചയാണ് എഐഎഫ്എഫ് ലക്ഷ്യമിടുന്നതെന്ന് ചൗബെ പറഞ്ഞു.

എഐഎഫ്‌എഫുമായുള്ള പങ്കാളിത്തം, കളിയുടെ പ്രധാന തന്ത്രപ്രധാന മേഖലകൾ, കളിക്കാരുടെ വളർച്ച, ലീഗ് പിരമിഡ്, വരുമാന വളർച്ചയ്ക്ക് അനുയോജ്യമായ മേഖലകൾ, വാണിജ്യ മൂല്യം വർധിപ്പിക്കുന്നതിനുള്ള വഴികൾ, ലോക ഫുട്ബോളിൽ ഇന്ത്യയുടെ മൂല്യം ഉയർത്താനും രാജ്യത്തെ എങ്ങനെ ഒരു ടാലന്റ് ഹബ്ബായി മാറ്റാം എന്നതിനെക്കുറിച്ചും അദ്ദേഹം ക്ലബ്ബുകളുമായി ചർച്ച നടത്തി.

കളിയുടെ സുഗമമായ നടത്തിപ്പിനും ക്ലബ്ബുകൾക്ക് അവരുടെ സീസണുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനുള്ള അവസരം നൽകുന്നതിനുമായി 2022 ഡിസംബറിൽ തന്നെ 2023-24 വാർഷിക മത്സര കലണ്ടർ പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു.