യേശുവിനെ കാണാൻ കാട്ടിൽപോയവർ മരിച്ചതല്ല, കൊല്ലപ്പെട്ടത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു

single-img
3 May 2023

യേശുവിനെ കാണാൻ സാധിക്കുമെന്ന വിശ്വാസത്തിൽ കെനിയയിൽ ഒരുകൂട്ടം ആളുകൾ കാട്ടിൽപോയി പട്ടിണി കിടന്ന സംഭവത്തിൽ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ​ഗുരുതര കണ്ടെത്തലുകൾ. മരണപ്പെട്ടവരിൽ ചിലരെ കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊലചെയ്തതാണ് എന്നാണ് കണ്ടെത്തലെന്ന് അധികൃതർ അറിയിച്ചു.

കെനിയയിലുള്ള കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള 800 ഏക്കർ വരുന്ന ഷാക്കഹോല വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെനിന്നും കണ്ടെത്തിയ 110 മൃതദേഹങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. വനത്തിനുള്ളിൽ ചെന്നശേഷം പട്ടിണി കിടന്ന് മരിച്ചാൽ ലോകാവസാനത്തിന് മുമ്പ് തന്നെ യേശുവിനെ കാണാൻ സാധിക്കുമെന്ന് ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിലെ പാസ്റ്റർ പോൾ മക്കെൻസിയുടെ വാക്കു കേട്ട് പോയ വിശ്വാസികളാണ് മരണത്തിന് കീഴടങ്ങിയത്.

ഇന്ന് മാത്രം 30ഉം കഴിഞ്ഞദിവസം 10മാണ് പോസ്റ്റ്‌മോർട്ടവുമാണ് നടത്തിയതെന്ന് ചീഫ് ഗവൺമെന്റ് പത്തോളജിസ്റ്റ് ജോഹാൻസെൻ ഒഡൂർ പറഞ്ഞു. പട്ടിണിയാണ് മരണത്തിന്റെ പ്രധാന കാരണമെന്നും എന്നാൽ ചിലരെ കൊലപ്പെടുത്തിയതാണെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ ലഭിച്ച 40 മൃതദേഹങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലെണ്ണത്തിൽ ശ്വാസംമുട്ടി മരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി അദ്ദേഹം പറഞ്ഞു. മറ്റെരു കുട്ടിക്ക് മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിയേറ്റതായാണ് ​നി​ഗമനം.

അതേസമയം, സംഭവത്തിൽ അറസ്റ്റിലായ മക്കെൻസിയെ വെള്ളിയാഴ്ച കെനിയയിലെ മൊംബാസ കോടതിയിൽ ഹാജരാക്കും. ഷാക്കഹോല വനം കൂട്ടക്കൊല സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയെ 90 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കുട്ടികളോടുള്ള ക്രൂരത, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കൊപ്പം മക്കെൻസി തീവ്രവാദക്കുറ്റവും നേരിടേണ്ടിവരും. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയൻ റെഡ്‌ക്രോസിന്റെ റിപ്പോർട്ട്.