വനംമന്ത്രിക്ക് മയക്കു വെടിവയ്ക്കുകയാണ് വേണ്ടത്: രമേശ് ചെന്നിത്തല

single-img
22 May 2023

സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ മയക്കു വെടിവയ്‌ക്കേണ്ട സാഹചര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം കണമലയിൽ കാട്ടുപോത്തിന്റെ ആകമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ”വനം വകുപ്പ് മന്ത്രിക്കും വനം വകുപ്പിനും എന്ത് പറ്റിയെന്നാണ് ഞാൻ ചോദിക്കുന്നത്. അഞ്ചലിൽ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നിരിക്കുകയാണ്. അതും നായാട്ട് സംഘം ആക്രമിച്ചത് കൊണ്ടാണോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് വനംമന്ത്രി പറയുന്നത്.

സ്ഥലകാല വിഭ്രാന്തി സംഭവിച്ചതു പോലെയാണ് വനംമന്ത്രി പ്രതികരിക്കുന്നത്. ഇതിന് പരിഹാരം എന്താണെന്നല്ലേ വനംവകുപ്പ് ചിന്തിക്കേണ്ടത്? വനംമന്ത്രിക്ക് മയക്കു വെടിവയ്ക്കുകയാണ് വേണ്ടത്. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല. രണ്ട് മൂന്ന് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിക്കുമ്പോൾ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്” രമേശ് ചെന്നിത്തല ചോദിച്ചു.