ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക; ബൈജൂസ് രവീന്ദ്രന്‍ പുറത്ത്; എം എ യൂസഫലി മുന്നിൽ

single-img
12 October 2023

ഫോബ്സ് ഇന്ത്യ തെരഞ്ഞെടുത്ത സമ്പന്ന പട്ടികയിൽ മുന്നേറ്റവുമായി മലയാളികളായ വ്യവസായികൾ. ഫോബ്സ് മാസിക പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിൽ മലയാളി വ്യവസായികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മുന്നിൽ. 7.1 ബില്യൺ ഡോളർ ആസ്തിയുമായി എം.എ യൂസഫലി സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ 27ആമത് ഇടംപിടിച്ചു. മുൻ വർഷങ്ങളിൽ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രൻ ഇക്കുറി പട്ടികയിൽ നിന്ന് പുറത്തായി. പ്രതിസന്ധികളെ തുടർന്ന് ബൈജൂസിന്റെ മൂല്യത്തിൽ വന്ന കുറവാണ് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.

2022 ലെ 35ആം സ്ഥാനത്തിൽ നിന്നാണ് ഈ മുന്നേറ്റം. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയ്ർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് ആണ് സമ്പന്ന മലയാളികളിൽ രണ്ടാമത്. 4.4 ബില്യൺ ഡോളർ ആസ്തിയുമായി സമ്പന്നരായ ഇന്ത്യക്കാരിൽ അദ്ദേഹം അൻപതാം സ്ഥാനത്തെത്തിയതോടെയാണിത്. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ആണ് മലയാളികളിൽ മൂന്നാമത്. 3.7 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ 57ആമതെത്തി.

മുത്തൂറ്റ് കുടുംബം 43ആം സ്ഥാനത്തുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.