സന്നദ്ധ സംഘടനകള്‍ നല്‍കിയ ഉല്‍പ്പന്നങ്ങളുടെ ഉത്തരവാദിത്വം ഭക്ഷ്യവകുപ്പിനല്ല: മന്ത്രി ജി ആര്‍ അനില്‍

single-img
7 November 2024

വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരല്‍മല ഉരുൾ പൊട്ടൽ ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍ രംഗത്തെത്തി . സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ഭക്ഷ്യവകുപ്പ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ദുരന്ത ബാധിതർക്ക് ഭക്ഷ്യവകുപ്പ് രണ്ട് റേഷന്‍കടകളിലൂടെ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് പരാതികളില്ല. മറ്റ് കിറ്റുകളും സര്‍ക്കാര്‍ വിതരണം ചെയ്തത് റേഷന്‍ കടകളിലൂടെയാണ്. അതിലും ആക്ഷേപം ഉണ്ടായിട്ടില്ല.

ജനങ്ങൾക്ക് നൽകുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. ഈ കാര്യത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. വിഷയം പരിശോധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേർത്തു.