ടയര്‍ പൊട്ടിയിട്ടും കൊച്ചി വരെ പറന്നത് നഗ്‌നമായ നിയമലംഘനം; എയര്‍ ഇന്ത്യ പൈലറ്റിന്റെ നടപടിയ്‌ക്കെതിരെ വിദഗ്ധര്‍

single-img
19 December 2025

വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്ത് ടയർ പൊട്ടിയാൽ അതേ വിമാനത്താവളത്തിലോ സമീപത്തെ വിമാനത്താവളത്തിലോ അടിയന്തരമായി ലാൻഡ് ചെയ്യണമെന്നാണ് വ്യോമയാന നിയമമെന്ന് രംഗത്തെ വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടയർ പൊട്ടിയ നിലയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറത്തിയത് ഗുരുതരമായ രണ്ട് നിയമലംഘനങ്ങൾക്കാണ് ഇടയാക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

നിശ്ചിത വേഗത കൈവരിച്ച ശേഷം ടയർ പൊട്ടിയാൽ വിമാനം ടേക്ക് ഓഫ് പൂർത്തിയാക്കി ഉടൻ തന്നെ അതേ വിമാനത്താവളത്തിലോ ഏറ്റവും അടുത്ത വിമാനത്താവളത്തിലോ ലാൻഡ് ചെയ്യണമെന്നതാണ് ചട്ടം. എന്നാൽ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാതെ വിമാനം കൊച്ചിയിലെത്തിച്ച് ലാൻഡ് ചെയ്തതാണ് വിവാദമായത്. മറ്റൊരു പ്രോട്ടോക്കോൾ പ്രകാരം, ടേക്ക് ഓഫ് സമയത്ത് ടയർ പൊട്ടിയാൽ വീൽ ഉള്ളിലേക്ക് മടക്കാതെ എത്രയും വേഗം ലാൻഡ് ചെയ്യേണ്ടതാണ്. ടയർ പൊട്ടിയ ശേഷം വീൽ ഉള്ളിലേക്ക് മടക്കിയാൽ, ലാൻഡിങ് സമയത്ത് അത് പുറത്തേക്ക് വരാതെ പോകുന്ന സാഹചര്യത്തിൽ വലിയ അപകടങ്ങൾക്ക് വഴിയൊരുങ്ങാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിശ്ചിത പ്രോട്ടോക്കോൾ അനുസരിച്ച് ടയർ പൊട്ടിയ വിമാനത്തെ ഉടൻ തിരിച്ചിറക്കിയാൽ അപകടസാധ്യതയില്ലെന്നും, ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനുള്ള പരിശീലനം പൈലറ്റുകൾക്ക് നൽകുന്നതായും വിദഗ്ധർ പറഞ്ഞു. ഒരു ഭാഗത്തെ ടയർ പൊട്ടിയാൽ മറുഭാഗത്തെ ടയർ ആദ്യം റൺവേയിൽ സ്പർശിപ്പിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുമെന്നും അവർ വിശദീകരിച്ചു.

അതേസമയം, ജിദ്ദ വിമാനത്താവളത്തിൽ ബാഹ്യവസ്തുവിൽ ഇടിച്ചതാകാം ടയർ തകരാൻ കാരണമെന്ന സംശയവും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ട്.