ഹരിയാനയിൽ ബിജെപി നേതാവിനെ അഞ്ചംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി

single-img
1 September 2022

ഹരിയാനയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ ഗുരുഗ്രാമിൽ പൊതുസ്ഥലത്ത് വെച്ച് ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം ബിജെപി നേതാവായ സുഖ്ബീറാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു തുണി ഷോറൂമിലേക്ക് പോയ ബിജെപി നേതാവ് സുഖ്‌ബീറിനെ അഞ്ച് തോക്കുധാരികൾ വെടിവച്ചതായി ഗുരുഗ്രാം വെസ്റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി നേതാവും സോഹ്ന മാർക്കറ്റ് കമ്മിറ്റി മുൻ ചെയർമാനുമായ സുഖ്ബീർ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുദ്വാര റോഡിന് സമീപമുള്ള സദർ ബസാറിലെ ഷോറൂമിൽ വസ്ത്രങ്ങൾ വാങ്ങാൻ ബിജെപി നേതാവ് പോയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി അടുപ്പമുള്ളയാളാണ് കൊല്ലപ്പെട്ട നേതാവ്.

വാർത്ത ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ടുകൾ പ്രകാരം ഗുഡ്ഗാവ് പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും ഉടൻ തന്നെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.