സവര്‍ക്കറെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു


വി ഡി സവര്‍ക്കറെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കറും ശിവസേന എംപി രാഹുല്‍ ഷെവാലെയും പരാതി നൽകി. ഈ പരാതികളിൽ പോലീസ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ രാഹുല്‍ അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും സവര്‍ക്കറെ അപമാനിക്കുന്നത് ആദ്യമായിട്ടല്ല എന്നും രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു. ‘നേരത്തെയും അവര്‍ സവര്‍ക്കറെ അപമാനിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശരദ് പവാറിനെതിരെ അഭിപ്രായപ്രകടനം നടത്തിയ ഒരു സ്ത്രീയെ ഒരു മാസത്തോളം ജയിലില്‍ പാര്‍പ്പിച്ചു.
ഇവിടെ പവാറിനേക്കാള്‍ വലിയ നേതാവാണ് സവര്‍ക്കര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം’, രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇന്ത്യൻ സർക്കാർ ആര്‍ക്കൈവില്‍ നിന്ന് വീണ്ടെടുത്ത സവര്‍ക്കറും മഹാത്മാഗാന്ധിയും ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിയ കത്തുകളും അദ്ദേഹം പങ്കുവെച്ചു.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടത്ര പബ്ലിസിറ്റി ലഭിക്കാത്തതിനാല്‍ മാധ്യമങ്ങളിൽ പബ്ലിസിറ്റി നേടാനാണ് രാഹുല്‍ ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞു.
‘രാഹുല്‍ ഗാന്ധി ഇന്ത്യയിലെ പോലെ പാകിസ്ഥാനിലും ബംഗ്ലാദേശിലും ഭാരത് ജോഡോ യാത്ര നടത്തണം. കാരണം ഈ രാജ്യങ്ങള്‍ നമ്മില്‍ നിന്ന് വേര്‍പെടുത്തിയത് കോണ്‍ഗ്രസ് കാരണമാണ്. എന്തിനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോടോ യാത്ര ചെയ്യുന്നത്’ എന്ന് രാഹുല്‍ ഷെവാലെ എംപിയും പറഞ്ഞു.