കാറിന്റെ പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിച്ചില്ലെങ്കിൽ പിഴയീടാക്കും: നിതിൻ ഗഡ്കരി

single-img
7 September 2022

കാറിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാണെന്നും സീറ്റ്ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരിൽ നിന്നും പിഴയിടാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സൈറസ് മിസ്​ട്രി മരിച്ച വാഹനാപകടത്തിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. കാറിന്റെ പിൻസീറ്റിലായിരുന്ന മിസ്ത്രി സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ഇടണമെന്നുള്ളത് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, യാത്രികർ ഇത് പിന്തുടരാറില്ല. ഇനി പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ പിഴയിടാക്കും. പിഴയിലൂടെ ലഭിക്കുന്ന പണമല്ല സർക്കാരിന്റെ ലക്ഷ്യം. സുരക്ഷിതത്വവും ജാഗ്രതയും ജനങ്ങൾക്കിടയിലെ ബോധവത്കരണവുമാണ്. 2024-ഓടെ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനമെങ്കിലും കുറയ്ക്കാനുള്ള നടപടികളാണ് ആവിഷ്കരിക്കുന്നത് -ഗഡ്കരി പറഞ്ഞു.

1000 രൂപയായിരിക്കും സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് പിഴയിടാക്കുകയെന്നും ഗഡ്കരി അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചാൽ പ്രശ്നമാകി​​ല്ലേയെന്ന ചോദ്യത്തിന് അവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി മറുപടി നൽകി.

പിൻസീറ്റ് യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല. എയർബാഗിന്റെ വിലയേക്കാളും പ്രാധാന്യം യാത്രക്കാരുടെ ജീവനുണ്ടെന്നും ഗഡ്കരി പറഞ്ഞു.