കോടികളുടെ തട്ടിപ്പ് നടത്തി; ഓസ്‌ട്രേലിയന്‍ മലയാളിയായ വ്യവസായിക്കെതിരെ സിനിമ നിര്‍മ്മാതാവ് കെ.വി മുരളീദാസ്

single-img
29 February 2024

കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് കെ.വി മുരളീദാസ് രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവാണ് കെ.വി മുരളീദാസ്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ വെള്ളം ഒരുക്കിയത്.

കൂടുതല്‍ പരാതി വിവരങ്ങളുമായാണ് മുരളി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ എത്തിയത്. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരില്‍ ഇയാള്‍ കോടിക്കണക്കിന് രൂപ പറ്റിച്ചെന്ന് മുരളി നേരത്തെ തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

ഓസ്‌ട്രേലിയയില്‍ ഇയാളുടെ തട്ടിപ്പിനിരയായ പത്തോളം പേരും കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പോലീസും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഷിബു അടുത്തദിവസം കേരളത്തിലെത്താനിരിക്കെയാണ് കെ.വി മുരളീദാസ് കൂടുതല്‍ ആരോപണം നടത്തുന്നത്.

സിനിമകളുടെ ഓവര്‍സീസ് വിതരണക്കാരനായ ലണ്ടന്‍ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയയില്‍ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയില്‍ വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു.

എന്നാല്‍ ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ അക്കൗണ്ടന്റിന്റെ സഹായത്തോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയെന്നും കച്ചവടത്തിനായി പെര്‍ത്തിലേക്ക് കയറ്റിയയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ നല്‍കിയില്ലെന്നുമാണ് മുരളി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ ഷിബുവിന്റെ മകന്‍ ആകാശും പ്രതിയാണ്. ഇത്തരത്തില്‍ പലരെയും പറ്റിച്ച തെളിവുകള്‍ കൈയ്യിലുണ്ടെന്ന് മുരളി അവകാശപ്പെട്ടു.

ഷിബുവിന്റെ ഒരു സ്ഥാപനം പോലും ടാക്‌സ് അടയ്ക്കുന്നില്ലെന്നതിന്റെയും വാട്ടര്‍മാന്‍ ഓസ്‌ട്രേലിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ പരാതികളുമാണ് മുരളി നിരത്തുന്ന തെളിവുകള്‍. ഈ പരാതികള്‍ കണക്കിലെടുത്ത് ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും മുരളി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.