ബിജെപി സംഘടിപ്പിച്ച മത്സരത്തിൽ ഹനുമാന് മുന്നില്‍ വനിതാ ബോഡി ബില്‍ഡര്‍മാര്‍; വേദിയിൽ പുണ്യാഹം തളിച്ച് കോണ്‍ഗ്രസ്

single-img
7 March 2023

മധ്യപ്രദേശില്‍ ബിജെപി മധ്യപ്രദേശ് ഘടകം സംഘടിപ്പിച്ച ബോഡിബില്‍ഡിംഗ് മത്സരത്തിന്റെ വേദി ഗംഗാ ജലം ഉപയോഗിച്ച് ശുദ്ധീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാനത്തെ രത്ലാമിലാണ് സംഭവം.വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ചതും ഹനുമാന്‍ ചാലിസ ആലപിച്ചതും.

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് ഹനുമാന്‍ ചാലിസ ആലപിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. വിശ്വാസ പ്രകാരം നിത്യ ബ്രഹ്‌മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം മാര്‍ച്ച് 4, 5 തീയതികളിലായാണ് നടന്നത്.

ഈ പരിപാടിക്കിടെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ ക്യാമറയ്ക്ക് പോസ് ചെയ്തു. ഈ സംഭവമാണ് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. ബിജെപി മേയര്‍ പ്രഹ്ലാദ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘാടക സമിതിയിൽ ഉണ്ടായിരുന്നത് .

സംസ്ഥാന നിയമസഭാംഗം ചൈതന്യ കശ്യപാണ് രക്ഷാധികാരി. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരാസ് സക്ലേച രംഗത്തെത്തി. അനാചാരമാണ് കാണിക്കുന്നതെന്നും ഇത് ചെയ്തവരെ ഹനുമാന്‍ ശിക്ഷിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് ആവശ്യപ്പെട്ടു.