മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നൽകിയ ഫെലോഷിപ്പ് പിൻവലിക്കണം; സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ടിനോട് അസം കോൺഗ്രസ്

single-img
19 September 2023

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നൽകിയ ഫെലോഷിപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ. സിംഗപ്പൂരിലെ ലീ കുവാൻ യൂ സ്കൂൾ ഓഫ് പബ്ലിക് പോളിസിയോടാണ് ആവശ്യമുന്നയിച്ചത്. ജീവിതകാലം മുഴുവൻ സത്യസന്ധതയും കഠിനാധ്വാനവും മര്യാദയും പ്രകടമാക്കിയ മാതൃകാ രാഷ്ട്രതന്ത്രജ്ഞനായിരുന്നു സിംഗപ്പൂരിന്റെ പിതാവ് ലീ ക്വാൻ യൂ എന്ന് ഊന്നിപ്പറഞ്ഞ ബോറ, മുഖ്യമന്ത്രി ഇന്ത്യൻ രാഷ്ട്രീയത്തിലെ എല്ലാ തെറ്റുകൾക്കും വേണ്ടി നിലകൊള്ളുന്നയാളാണെന്നും ആരോപിച്ചു.

ശർമ്മയ്ക്ക് ലീ കുവാൻ യൂ എക്‌സ്‌ചേഞ്ച് ഫെലോഷിപ്പ് നൽകിയതിൽ താൻ അത്ഭുതപ്പെട്ടു എന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കത്തിൽ ബോറ പറയുന്നു. ശർമ്മ നിരവധി സാമ്പത്തിക അഴിമതികളിൽ പ്രതിയാണ് എന്നും ന്യൂനപക്ഷങ്ങൾക്കെതിരെ ഉയർന്ന വർഗീയ പ്രസ്താവനകൾ നടത്തുന്നുവെന്നും വിവിധ വാർത്താ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ബോറ ആരോപിച്ചു.

അതേസമയം ബോറയുടെ കത്തിനോട് പ്രതികരിച്ച് ബിജെപി വക്താവ് രൂപം ഗോസ്വാമി രംഗത്ത് വന്നു. സ്വന്തം സംസ്ഥാനത്തെ മുഖ്യമന്ത്രി ആദരിക്കപ്പെടുന്നതിൽ കോൺഗ്രസ് നേതാവ് അഭിമാനിക്കുകയാണ് വേണ്ടതെന്നും ഗോസ്വാമി പറഞ്ഞു.

നിലവിൽ ഈ ബഹുമതി ലഭിക്കുന്ന അസമിലെ ആദ്യ മുഖ്യമന്ത്രിയാണ് ശർമ്മ. രാജ്യത്തിന്റെ വികസനത്തിനും സിംഗപ്പൂരുമായുള്ള ഉഭയകക്ഷി ബന്ധത്തിനും വ്യക്തികൾ നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്. നേരത്തെ, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ആസൂത്രണ കമ്മീഷൻ മുൻ വൈസ് ചെയർമാൻ മൊണ്ടേക് സിംഗ് അലുവാലിയ എന്നിവർക്ക് ഈ ഫെലോഷിപ്പ് ലഭിച്ചിരുന്നു.