രൂപയുടെ വീഴ്ച രാജ്യത്ത് എണ്ണയുടെയും മറ്റു സാധനങ്ങളുടെയും വില വർധിക്കും

single-img
26 September 2022

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നിനെ നേരിടുന്ന രൂപയുടെ വീഴ്ച രാജ്യത്ത് എണ്ണയുടെയും മറ്റു സാധനങ്ങളുടെയും വില അപകടകരമാംവിധം വര്‍ധിപ്പിക്കും.

പണപ്പെരുപ്പംമൂലം നിലവില്‍ വിലക്കയറ്റം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനിടെയാണ് രൂപയുടെ തകര്‍ച്ചയുംകൂടി ഇന്ത്യന്‍ വിപണിയില്‍ ആശങ്ക പെരുപ്പിക്കുന്നത്.

യു.എസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ്, ഡോളറുമായുള്ള വിനിമയത്തില്‍ രൂപക്ക് 81.09 എന്ന വന്‍ തകര്‍ച്ച നേരിടേണ്ടിവന്നതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.

പരമാവധി ആറു ശതമാനമെന്ന റിസര്‍വ് ബാങ്കിന്റെ പരിധിയും കടന്നാണ് രാജ്യത്ത് ഇപ്പോഴും പണപ്പെരുപ്പം തുടരുന്നത്. ഇതുണ്ടാക്കുന്ന ആഘാതം കുറക്കാന്‍ റിസര്‍വ് ബാങ്ക് റിപോ നിരക്ക് 50 ബേസിസ് പോയന്റായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യത്തിന്റെ 85 ശതമാനവും വാതക ആവശ്യത്തിന്റെ 50 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന രാജ്യത്ത് രൂപയുടെ തകര്‍ച്ച എണ്ണവിലയില്‍ വന്‍ കുതിപ്പാണുണ്ടാക്കുക.

അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിച്ചതോടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി ആഗസ്റ്റില്‍ ഇരട്ടിയായി ഉയര്‍ന്നിരുന്നു. വിദേശനാണ്യ കരുതല്‍ ശേഖരത്തിലും കുറവ് തുടരുകയാണ്.