ഭരണഘടനയില്‍ നാം ദിവ്യമായി കണക്കാക്കിയിരുന്ന കാര്യങ്ങളെല്ലാം സംരക്ഷിക്കപ്പെടണം: മുരളി ഗോപി

single-img
6 April 2024

നമ്മുടെ രാജ്യം ഇപ്പോൾ അപകടകരമായൊരു തിരിവില്‍ നില്‍ക്കുന്നതിന് സമാനമായ അവസ്ഥയിലാണെന്നും ഇനി വരാനിരിക്കുന്നത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്നും എഴുത്തുകാരനും നടനും സംവിധായകനുമായ മുരളി ഗോപി.

മലയാളത്തിലെ ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവെ കൊടുങ്കാറ്റ് പോലൊരു സാഹചര്യമാണ് ഇപ്പോഴത്തേതെന്നും ഇതിനിടയില്‍ ജനാധിപത്യത്തിനൊരിടം കിട്ടണം, അതിനായുള്ള അലച്ചിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു..

നമ്മുടെ ഭരണഘടനയില്‍ നാം ദിവ്യമായി കണക്കാക്കിയിരുന്ന കാര്യങ്ങളെല്ലാം സംരക്ഷിക്കപ്പെടണം, അവയെ സംരക്ഷിക്കാനുള്ള ശക്തിളെവിടെ എന്നതാണ് അലച്ചില്‍, ബഹുസ്വരത ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ, എന്നാലീ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ശക്തി ഉരുത്തിരിയുന്നില്ല, മറ്റൊരു വശത്ത് തീവ്ര വലതുപക്ഷം ഇന്ത്യ ഭരിക്കുന്നു, ഇന്ത്യയിലെ ജനാധിപത്യം പൂര്‍ണമായി വിജയിച്ചിട്ടേയില്ല, പല ലോകരാജ്യങ്ങളും അങ്ങനെ തന്നെയാണ് ഇന്ത്യയെ വിലയിരുത്തുന്നതും, കാലാകാലങ്ങളിലായി ഭരിക്കുന്നവര്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് പോകുന്നതാണ് ഇന്ത്യയില്‍ കാണുന്ന കാഴ്ചയെന്നും മുരളി ഗോപി അഭിപ്രായപ്പെടുന്നു .

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോഴുള്ളത് ഫാൻസ് അസോസിയേഷനുകളാണ് .വീരാരാധനയാണെങ്കില്‍ അത് എക്കാലവും മനുഷ്യര്‍ക്കിടയില്‍ നിന്നിട്ടുണ്ട് . ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരംഭ ശൂരത്വമുണ്ടാകും, ആം ആദ്മി പാര്‍ട്ടിയിലൊക്കെ അതാണ് കണ്ടത്, എന്നാല്‍ പിന്നീട് ആ ആവേശം ഉണ്ടാകാറില്ല, തീവ്ര വലതുപക്ഷം അങ്ങനെയല്ല, അവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടായിരിക്കും, മതത്തിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തത്വത്തിലോ അടിസ്ഥാനപ്പെടുത്തി മുന്നോട്ട് പോകുന്നവരായിരിക്കും അവര്‍.

അതേസമയം വീരാരാധന അഥവാ ഒരു വ്യക്തിയെ ഹീറോ ആയി കാണുന്ന പ്രവണത എക്കാലത്തുമുള്ളതാണ്, ഇങ്ങനെ കാണുന്ന ഹീറോകള്‍ നല്ല തിന് വേണ്ടി നില്‍ക്കുന്നവരും ചീത്തതിന് വേണ്ടി നില്‍ക്കുന്നവരും കാണും, തീവ്ര വലതുപക്ഷ നേതാക്കള്‍ പലരും അവരുടെ ഈ വ്യക്തിപ്രഭാവം തെറ്റായ ദിശയിലോട്ട് കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നതെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.