എന്തിനും ഒരതിരുണ്ട്; ഗവർണർ ആ അതിരുകളെല്ലാം ലംഘിക്കുകയാണെന്ന് മുഖ്യമന്ത്രി

single-img
12 November 2023

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനും ഒരതിരുണ്ടെന്നും ആ അതിരുകളെല്ലാം ലംഘിക്കുകയാണെന്നും ഗവര്‍ണറെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലെ പ്രളയബാധിത മേഖലയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സിപിഎം നിര്‍മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സംഭാഷണത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭാ പാസാക്കിയ ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകള്‍ നിയമസഭയില്‍ പാസായെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാവുന്നില്ല. നിയമഭേദഗതി ഒപ്പിടാത്ത ഗവര്‍ണര്‍ താമസിക്കുന്ന രാജ്ഭവനിലേക്ക് കര്‍ഷകരുടെ സംഘടിതമായ മാര്‍ച്ച് നടത്തും. എന്തിനും ഒരതരിരുണ്ട്. ആ അതിരുകളെല്ലാം ലംഘിക്കുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിക്ക് എതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ദുഷ്ടമനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു. പരാതികള്‍ പോയി അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് വട്ടമിട്ടു പറന്നു. പല തരത്തിലുള്ള കുപ്രചരങ്ങള്‍ ഈ പദ്ധതിക്കെതിരെ അഴിച്ചുവിട്ടു. വലിയ കോപ്പോടെ ഒരുങ്ങി പുറപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ജാള്യതയോടെ നില്‍ക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.