പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും; കൂട്ടുകെട്ടിൽ ഇപി ജയരാജൻ ശ്രദ്ധിക്കണം: മുഖ്യമന്ത്രി
ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിലും ബിജെപി വിവാദത്തിലും ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തിൽ ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാരുമായി പരിയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ഇന്ന് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ:
തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇപി ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്.
അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും.
കെ സുരേന്ദ്രൻ ഇതിന്റെ വക്താവായി മാറുന്നതിൽ അത്ഭുതമില്ല. എല്ലാ കാലത്തും ഈ രീതിയിലുള്ള തെറ്റായ പ്രചാരണങ്ങൾക്ക് ബിജെപിയുടെയും, യുഡിഎഫിന്റെയും, പ്രധാനമായും കോൺഗ്രസ് നേതാക്കൾ മുന്നിൽ നിൽക്കുന്നതാണ് കാണാറുള്ളത്. ഇപിയുടെ പ്രകൃതം നമുക്ക് അറിയാമല്ലോ. എല്ലാവരോടും സൗഹൃദം വെക്കുന്ന ആളാണ് ജയരാജൻ.
പക്ഷെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പായായിടും” എന്ന്. ഈ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ട്.
അത്തരക്കാരുമായുള്ള അതിര് കവിഞ്ഞ സ്നേഹബന്ധവും ലോഹ്യവും ഒഴിവാക്കാണ്ടേതാണ്. സഖാവ് ജയരാജൻ ഇത്തരം കാര്യങ്ങൾ വേണ്ട ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തെ തന്നെയുള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ സംശയകരമായ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാൻ കഴിഞ്ഞു എന്നത് കാണേണ്ടതാണ്. ഈ കക്ഷിയാണെങ്കിൽ പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാണ്. കൂടുതൽ പണം കിട്ടുന്നവര്‍ക്ക് വേണ്ടി അയാൾ വാദമുഖങ്ങൾ ഉയര്‍ത്തും.
അത്തരമൊരു ആളുകളുമായി പരിചയത്തിനപ്പുറമുള്ള നില സ്വീകരിച്ച് പോകരുത്. ജാവദേക്കറെ കാണുന്നതിൽ എന്താണ് തെറ്റ്? ഞാൻ പല തവണ അദ്ദേഹത്തെ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോൾ, നിങ്ങൾ പരമാവധി ശ്രമിക്കുകയാണല്ലേ, നമുക്ക് കാണാം എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഒന്നും കിട്ടില്ല എന്ന് തന്നെയായിരുന്നു എന്റെ മനസിൽ. ആ നിലയ്ക്ക് കാര്യങ്ങൾ പറയുമല്ലോ.
അത്തരത്തിൽ ആളുകളെ കാണുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കെതിരെ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവര്‍ക്ക് ഫണ്ടിങ്ങുണ്ട്. ഒരു കൂട്ടം മാധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു. ഞാൻ ഇല്ലാതായിപ്പോയോ? അവര്‍ ഉദ്ദേശിച്ചതുപോലെ ഞാൻ ആത്യന്തികമായി തകര്‍ന്നുപോയോ? -മുഖ്യമന്ത്രി ചോദിച്ചു.