‘ഓഫറുകളിൽ പെട്ട് രാഷ്ട്രീയത്തിൽ വന്നവർ’; ആർ. ശ്രീലേഖയെ പരാമർശിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സ്ഥാനത്തുനിന്ന് ആർ. ശ്രീലേഖ രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രത്യേക രാഷ്ട്രീയ നിലപാടുള്ള വ്യക്തിയല്ല ശ്രീലേഖയെന്നും രാഷ്ട്രീയത്തിൽ വന്നത് ഓഫർ പ്രതീക്ഷിച്ചാണെന്നുമാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. തിരുവനന്തപുരം നഗരസഭയിൽ അനുകൂല സാഹചര്യമുണ്ടായാൽ ശ്രീലേഖയെ ഉപയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീലേഖയുടെ രാജി പൂർണമാകണമെങ്കിൽ നഗരസഭാ സെക്രട്ടറിക്ക് കൈമാറണമെന്നും ചെയർമാന് രാജിക്കത്ത് നൽകിയെന്നാണ് അവർ പറയുന്നതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. രാജിവയ്ക്കാനുള്ള കാരണം ശ്രീലേഖ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയുമായി പ്രത്യേക ബന്ധമുള്ളയാളല്ല ശ്രീലേഖയെന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ മേയറാകുമെന്നായിരുന്നു ആദ്യ ധാരണയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിന്നീട് കേന്ദ്ര ഭരണസംവിധാനത്തിന്റെ ഭാഗമാകുമെന്ന തരത്തിൽ പ്രചാരണമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലേഖയുടെ രാജി ബിജെപിക്കുള്ളിലെ വിഷയമാണെന്നും തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയുണ്ടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
“ബിജെപിയെ നിലനിർത്തേണ്ട നിർബന്ധം ഞങ്ങൾക്കില്ല. ശ്രീലേഖയ്ക്ക് കൃത്യമായ രാഷ്ട്രീയമില്ല. ഓഫറുകളിൽ പെട്ട് രാഷ്ട്രീയത്തിൽ വരുന്നവരാണ്. ഇത് പൊളിറ്റിക്‌സ് അല്ല,” എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചതോടെ തിരുവനന്തപുരം നഗരസഭയിലെ ഭരണപ്രതിസന്ധി കൂടുതൽ രൂക്ഷമായി. ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായിരുന്ന ശ്രീലേഖ മേയർ വി.വി. രാജേഷിന്റെ ഓഫീസിലാണ് രാജിക്കത്ത് നൽകിയത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി നിലവിൽ കോർപറേഷൻ ഭരിക്കുന്നത്.
ശ്രീലേഖയുടെ രാജി കോർപറേഷൻ സെക്രട്ടറി സ്വീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച കലക്ടർക്ക് കത്ത് നൽകുമെന്നും അവർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിട്ടുണ്ട്.
101 അംഗ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് 49, എൽഡിഎഫിന് 29, യുഡിഎഫിന് 20, സ്വതന്ത്രർക്ക് രണ്ട് സീറ്റുകളാണുള്ളത്.
അതിനിടെ, ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി നേതൃത്വം ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തും. രാജിവയ്ക്കുന്നതായി അറിയിച്ച് ശ്രീലേഖ തനിക്ക് കത്ത് നൽകിയിരുന്നുവെന്ന് മേയർ വി.വി. രാജേഷ് സ്ഥിരീകരിച്ചു.
വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശ്രീലേഖ കത്ത് നൽകിയതെന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വി.വി. രാജേഷ് പറഞ്ഞു. രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണെന്നും രാജി വിഷയത്തിൽ ബിജെപി നേതൃത്വം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.


