ഇലക്ട്രൽ ബോണ്ട് കള്ളപ്പണം തടയാൻ; വീണ്ടും നടപ്പാക്കും: നിര്‍മല സീതാരാമന്‍

single-img
20 April 2024

സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ ഇലക്ട്രൽ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കള്ളപ്പണം തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് ചെറുക്കുമെന്നും അതിനുവേണ്ടി കൂടിയാലോചന നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ഇലക്ട്രൽ ബോണ്ട് പ്രതിപക്ഷം പ്രചാരണ വിഷയമാക്കുമ്പോഴാണ് ധനമന്ത്രി കേന്ദ്ര സർക്കാർ നയത്തെ ശക്തമായി ന്യായീകരിക്കുന്നത്. ഇലക്ട്രൽ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു. അഴിമതി രഹിത സർക്കാരെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതായിരുന്നു കോടതി നടത്തിയ നിരീക്ഷണങ്ങൾ.

രാജ്യത്തെ ജനാധിപത്യത്തിനെതിരാണ് ഈ രഹസ്യ സംഭാവന സംവിധാനം എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും ഇലക്ട്രൽ ബോണ്ട് പ്രചാരണായുധമാക്കുന്നതും സർക്കാരിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോണ്ട് കള്ളപ്പണത്തിന് എതിരെയുള്ള നടപടി എന്ന അവകാശവാദം ധനമന്ത്രി നിർമ്മല സീതാരാമൻ ആവർത്തിക്കുന്നത്.

വിഷയത്തിൽ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നല്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന് നല്കിയ അഭിമുഖത്തിൽ ധനമന്ത്രി പറഞ്ഞു. എല്ലാവരോടും ചർച്ച ചെയ്ത് സുതാര്യമായി ചട്ടക്കൂട് ഉണ്ടാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.