മ്യാന്‍മറില്‍ സായുധസംഘത്തിന്റെ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ നാട്ടിലെത്തി

single-img
10 November 2022

തിരുവനന്തപുരം: മ്യാന്‍മറില്‍ സായുധസംഘത്തിന്റെ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെ എട്ടുപേര്‍ നാട്ടിലെത്തി.

പാറശാല സ്വദേശി വൈശാഖ് രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് ചെന്നൈയില്‍ എത്തിയത്. സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട് തിരിച്ചെത്തുന്ന ആദ്യ മലയാളിയാണ് വൈശാഖ്. നോര്‍ക്ക വഴി കേരള സര്‍ക്കാരാണ് യാത്രാ ടിക്കറ്റ് ലഭ്യമാക്കിയത്.

ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയതിനു പിന്നാലെ വൈശാഖ് ഉള്‍പ്പെടെയുള്ളവരെ സായുധസംഘം മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ ഇറക്കിവിട്ടിരുന്നു. അതിര്‍ത്തിയിലെ ഹോട്ടലില്‍ എത്തിയ ഇവര്‍ പിന്നീട് ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുകയായിരുന്നു. കാട്ടിലൂടെ നടത്തിച്ചും ബോട്ടില്‍ കയറ്റി പുഴ കടത്തിയുമാണ് ഇവരെ അതിര്‍ത്തിയില്‍ എത്തിച്ചത്. ഇവിടെ നിന്നു സ്വന്തം കയ്യിലുള്ള പണം മുടക്കി 10 പേരും പടിഞ്ഞാറന്‍ തായ്‌ലന്‍ഡിലെ മിയസോട്ട് നഗരത്തില്‍ എത്തി. തുടര്‍ന്നു ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിക്കുകയായിരുന്നു.

തായ്‌ലന്‍ഡിലേക്കു ഡേറ്റ എന്‍ട്രി ജോലിക്കായി പോയ 300ല്‍ അധികം ഇന്ത്യക്കാരെ സായുധ സംഘം മ്യാന്‍മറിലേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ നയന്ത്രതലത്തിലെ നീക്കങ്ങള്‍ ഫലം കാണില്ലെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മറ്റുവഴികള്‍ തേടുന്നതായി തൊട്ടുപിറകെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. പിറകെ തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസി തടങ്കലില്‍ കഴിയുന്ന ആളുകളുമായി ബന്ധപ്പെട്ട്, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.