ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; പുക കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു

single-img
5 March 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ വിഷപ്പുക കൊച്ചിയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.

കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയര്‍ ഫോഴ്സിന്റെ നേതൃ‍ത്വത്തില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ‌

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച്‌ ചിലയിടങ്ങളില്‍ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നില്‍ക്കുന്നു. ശ്വാസ തടസം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നവര്‍ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്ലാസ്റ്റിക്ക് കത്തുന്നതിനാല്‍ അതിന്റെ മണവും വ്യാപകമായുണ്ട്. കലൂര്‍, പാലാരിവട്ടം ഭാഗങ്ങളില്‍ രാത്രിയില്‍ പുക മൂടിയ നിലയിലായിരുന്നു. റോ‍‍ഡ് പോലും കാണാത്ത അവസ്ഥയിലായിരുന്നു. രാവിലെ കാഴ്ചയില്‍ പുക അല്‍പ്പം കുറഞ്ഞിട്ടുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ ഒഴിച്ച്‌ പകല്‍ സമയത്ത് വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് കലക്ടര്‍ ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

കടകളും സ്ഥാപങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശമില്ല. എന്നിരുന്നാലും കഴിയുന്നതും സ്ഥാപനങ്ങള്‍ അടച്ചിടണം. പൊതുജനങ്ങളും സ്ഥാപന ഉടമകള്‍ സഹകരിക്കണമെന്ന് കലക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീയണയ്ക്കല്‍ ശ്രമം നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനം. 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് പുറമേ കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിക്കും.

തൊട്ടടുത്തുള്ള പുഴയില്‍ നിന്ന് വെള്ളം പമ്ബു ചെയ്യാനായി ശക്തിയുള്ള പമ്ബുകള്‍ ആലപ്പുഴയില്‍ നിന്നെത്തിക്കും. സഹായത്തിനായി വ്യോമസേനയുടെ കോയമ്ബത്തൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമാണെങ്കില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

നേവിയുടെ ഹെലികോപ്റ്റര്‍ എത്തിച്ച്‌ തീയണക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെ നിന്ന് തീണയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നിലവില്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കേണ്ട എന്നാണ് തീരുമാനമെന്നും കലക്ടര്‍ വ്യക്തമാക്കി.

തീ ആളിക്കത്തുന്നത് നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാല്‍ മാലിന്യ കൂമ്ബാരത്തിന്റെ അടിയില്‍ നിന്ന് തീ പുകയുന്നതാണ് പ്രശ്‌നമെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.