വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനങ്ങളെ സ്വാധീനിക്കില്ല: ഷാഫി പറമ്പിൽ

single-img
3 December 2025

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാക്കൾ ഓരോരുത്തരായി മാധ്യമങ്ങളെ കണ്ട് നിലപാടുകൾ കടുപ്പിക്കുന്ന തിരക്കിലാണ്. ഇതിന്റെ ഭാഗമായി, എംഎൽഎ ഷാഫി പറമ്പിലും തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തി. എന്നാൽ ഈ നീക്കം ‘മുഖം രക്ഷിക്കാനുള്ള’ പരിശ്രമത്തിന്റെ ഭാഗമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പരാതികളുടെ പശ്ചാത്തലത്തിൽ, മുഖം രക്ഷിക്കുക എന്ന രാഷ്ട്രീയ അനിവാര്യതയിലേക്കാണ് ഷാഫി പറമ്പിൽ എത്തിച്ചേർന്നിരിക്കുന്നത്. തനിക്കും രാഹുലിനുമിടയിലുള്ള വ്യക്തിപരമായ അടുപ്പം കോൺഗ്രസിന്റെ തീരുമാനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് ഷാഫി പറഞ്ഞുവെക്കുന്നത്. പാർട്ടിയുടെ തീരുമാനമാണ് തന്റേതെന്നും ഷാഫി ആവർത്തിച്ചു.

കെപിസിസി പ്രസിഡന്റും ബാക്കി എല്ലാവരുമായിട്ട് ആലോചിച്ചാണ് ഇപ്പോഴത്തെ നടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി എടുക്കുന്ന തീരുമാനം തന്റേത് കൂടിയാണല്ലോ എന്നും, തങ്ങളെല്ലാവരും യോജിച്ചെടുത്ത തീരുമാനം തന്നെയാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ ഒന്നും പാർട്ടിയുടെ തീരുമാനങ്ങൾ സ്വാധീനിക്കുന്ന കാര്യങ്ങളല്ല എന്നും ഷാഫി ഊന്നിപ്പറഞ്ഞു. രാഹുൽ പാർട്ടിയിൽ നിന്ന് മാറി നിന്നതും പാർട്ടി എടുത്ത തീരുമാനവും താനും രാഹുലും തമ്മിലുള്ള അടുപ്പക്കുറവും അടുപ്പവും തീരുമാനങ്ങളെ സ്വാധീനിച്ചിട്ടില്ല. രാഹുലിന് വേണ്ടി പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞുവെക്കാനാണ് ഷാഫി ശ്രമിച്ചിട്ടുള്ളത്.