കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്

single-img
1 April 2024

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് ഇ ഡി നോട്ടീസ് നൽകി. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം. അതേസമയം തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു.

വിഷയം പാർട്ടിയുമായി ആലോചിച്ച ശേഷമേ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് അറിയിച്ചു. നേരത്തെ സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി കൈമാറിയിരുന്നു.

വ്യത്യസ്തമായ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ട്. ഇത്തരത്തിൽ അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബൈലോയും സഹകരണ നിയമവും പറയുന്നത്. എന്നാല്‍ അക്കാര്യം പാലിച്ചിട്ടില്ലെന്നും ഇ ഡി കണ്ടെത്തിയിരുന്നു.