കാസർകോട് ഗവ. കോളേജ്; തന്റെ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ഡോ രമ

single-img
26 February 2023

കാസർകോട് ഗവൺമെന്റ് കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്നു ഡോ രമയും വിദ്യാർത്ഥികളും തമ്മിലുണ്ടായ തർക്കം പുതിയ തലത്തിൽ. തന്റെ പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് ഡോ രമ വാർത്താക്കുറിപ്പിറക്കി. എന്നാൽ എസ്എഫ്ഐയെ വാർത്താക്കുറിപ്പിൽ വിമർശിക്കുകയും, എസ്എഫ്ഐ തന്നെ കൊല്ലാൻ ശ്രമിച്ചെന്നും ഇതിൽ ആരോപിച്ചിട്ടുണ്ട്. എസ്എഫ്ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുന്നു. നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആൾക്കൂട്ടം സൃഷ്ടിച്ച് ദേഹോപദ്രവമേൽപിച്ച് കൊല്ലുവാനുള്ള ശ്രമം എസ് എഫ് ഐ നടത്തിയെന്നും ആരോപണമുണ്ട്.

വാർത്താക്കുറിപ്പിലെ ഭാഗങ്ങൾ ഇങ്ങിനെ: ‘കുടിവെള്ളത്തിലെ പ്രശ്നം പറയാൻ വന്ന വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ് എഫ് ഐ തുടങ്ങിയ അക്രമ സമരം എന്നെ പ്രിൻസിപ്പാൾ ചുമതലയിൽ നീക്കുന്നതിൽ കലാശിച്ചുവെങ്കിലും അപവാദ പ്രചരണങ്ങൾ നിർത്തിയിട്ടില്ല. കോളേജിലെ പ്രശ്നങ്ങൾ അന്വേഷിച്ചുവന്ന ഒരു മാധ്യമപ്രവർത്തകന് ഞാൻ നൽകിയ അഭിമുഖം എന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. കോളേജിലെ എന്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങൾ ഞാൻ ചാനൽ ലേഖകനോട് സംസാരിച്ചത് എന്റെ ഉത്തരവാദിത്തത്തിലാണ്.

അതിനു മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്. എന്റെ ഭർത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളേജ് കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അവർ പറയുന്നു. ഫെബ്രുവരി 23 ന് അക്രമാസക്തമായ സമരമാണ് എസ് എഫ് ഐ തനിക്കെതിരെ നടത്തിയതെന്ന് അവർ ആരോപിക്കുന്നു. പോലീസ് സംരക്ഷണമുണ്ടായിരുന്നുവെങ്കിലും അതിനിടയിൽ നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആൾക്കൂട്ടം സൃഷ്ടിച്ച് തന്നെ ദേഹോപദ്രവമേല്പിച്ച് കൊല്ലുവാനുള്ള ശ്രമം അവർ നടത്തി. സമരത്തിനു ശേഷം അന്ന് വൈകിട്ട് തന്നെ കോളേജിൽ വെച്ച് കണ്ട ചാനൽ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമർശങ്ങൾ ഉണ്ടായി.

കോളേജിലെ ചില വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോൾ അത് മൊത്തം വിദ്യാർത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇട വന്നിട്ടുണ്ടെങ്കിൽ അത് ഖേദകരമാണ്. എന്റെ പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും ഞാൻ ഇതിനാൽ നിർവ്യാജം മാപ്പു പറയുന്നു

തങ്ങളാണ് എല്ലാത്തിന്റെയും അധികാരികളാണെന്ന ഗർവ്വുമായി കോളേജിൽ എസ്എഫ്.ഐ നടത്തുന്ന പ്രവർത്തനം നാശകരമാണ്. പൊതുവായ ഒരു തീരുമാനവും അവർക്ക് ബാധകമല്ല. പുറമേ നിന്നുള്ള ആളുകളുടെ രാഷ്ട്രീയ പ്രവർത്തനം കോളേജിൽ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും നേരത്തെ പഠനം പൂർത്തിയാക്കിപ്പോയ ഇമ്മാനുവലിനെപ്പോലുള്ള ആളുകൾ എന്നും ക്യാംപസിലെത്തുന്നു. അവരുടെ ഇടപെടൽ കുട്ടികളുടെ പഠനപ്രവർത്തനത്തിന് തടസ്സമാണ്. നന്നായി പഠിക്കുന്ന ഉന്നത വിജയം നേടാൻ കഴിവുള്ള പെൺകുട്ടികളുടെയടക്കം ഭാവി നശിപ്പിക്കുകയാണ് ഇമ്മാനുവലിനെ പോലുള്ളവർ ചെയ്യുന്നതെന്നും അവർ ആരോപിക്കുന്നു.

ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഇമ്മാനുവൽ പെൺകുട്ടികളെ നശിപ്പിച്ചുവെന്ന രീതിയിൽ ആയിപ്പോയിട്ടുണ്ട്. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും മാത്രം വിചാരിച്ചാൽ പെൺകുട്ടികളെ നശിപ്പിക്കാൻ പറ്റുമെന്നു പറയാനാവില്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്വന്തം നിലയും ഉത്തരവാദിത്തവും മനസ്സിലാക്കി പെരുമാറാൻ കഴിയും, കഴിയണം. ഇമ്മാനുവലിന്റെ പേര് ആ നിലയിൽ പരാമർശിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. കാസർകോട് ഗവ. കോളേജിൽ 97% മാർക്ക് ലഭിച്ച ഉയർന്ന നിലവാരം ലഭിച്ച കുട്ടികളാണ് പ്രവേശനം ലഭിക്കുന്നത്. പകുതി സീറ്റുകൾ വിവിധ വിഭാഗങ്ങൾക്ക് റിസർവേഷനായും ഉണ്ട്. കുഴപ്പക്കാർ എല്ലാ വിഭാഗക്കാരുമുണ്ട്. അങ്ങനെ മാത്രമേ ഞാൻ എവിടെയും പറഞ്ഞിട്ടുള്ളു. റിസർവേഷൻ പ്രകാരം കോളേജിലെത്തിയ മാർക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് പറഞ്ഞ് ഞാൻ ജാതി അധിക്ഷേപം നടത്തിയതായി കാണിച്ച് ഇപ്പോൾ എസ്.എഫ്.ഐ. ഒരു സംഭാഷണ ശബ്ദ ശകലം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഒരു ചാനലിലും പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ശബ്ദ ശകലമാണത്. ഒരു ദൃശ്യമാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി എല്ലാ കാര്യങ്ങളും വിവരിക്കുന്നതിനിടയിൽ നാക്കു പിഴയായി വന്ന വാചകം അപ്പോൾ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അവർ അത് പ്രസിദ്ധീകരിക്കാതെ കളഞ്ഞതുമാണ്. എന്നാൽ ആ ചാനൽ ഓഫീസിൽ നിന്നും എങ്ങനെയോ ആ ഭാഗം ചോർത്തിയെടുത്ത് എസ് എഫ് ഐ അത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളെ എനിക്കെതിരായി തിരിക്കാനുള്ള ഈ ശ്രമം അപലപനീയമാണ്. എന്നെ വ്യക്തിപരമായി അറിയുന്ന ആളുകൾ ആരും അത് വിശ്വസിക്കില്ല. എങ്കിലും എന്റെ പേരിൽ അങ്ങനെയൊരു വാർത്ത വരാൻ ഇടയായതിൽ ഞാൻ മാപ്പു പറയുന്നു.

കോളേജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഞാൻ പ്രിൻസിപ്പാൾ ചുമതലയിലുള്ള സന്ദർഭത്തിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. ദശാബ്ദങ്ങൾ പഴക്കമുള്ള ടാങ്കിനു പകരം പുതിയ ടാങ്ക് ഒരു വർഷം മുമ്പ് പണിത് മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പണി മുടങ്ങി. അതിനായി മുഖ്യ പരിഗണന നൽകി പണം അനുവദിക്കാൻ സർക്കാരിന് എഴുതിയെങ്കിലും പാസ്സായി കിട്ടിയിട്ടില്ല. ഭരണത്തിൽ സ്വാധീനമുള്ള ചില അദ്ധ്യാപകർ അവർക്കിഷ്ടമുള്ള കാര്യങ്ങൾക്ക് പണം ലഭ്യമാക്കാൻ ഉത്സാഹിക്കുന്നു. അപ്പോൾ കുടിവെള്ള പ്രശ്നം അവഗണിക്കപ്പെട്ടതാണ് ഒരു കാരണം. ആ സമീപനം മാറ്റി പുതിയ ടാങ്ക് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളൂവെന്നും അവർ പറഞ്ഞു.