ഉത്തേജക മരുന്നുകൾക്ക് ജീവിതം മുഴുവൻ നശിപ്പിക്കാൻ കഴിയും: ബെൻ ജോൺസൺ

single-img
24 January 2026

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് ഒളിംപിക്‌സ് മെഡൽ ജേതാവും കനേഡിയൻ അതിവേഗ ഓട്ടക്കാരനുമായ ബെൻ ജോൺസൺ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവച്ചു. സ്നേഹമുണ്ടെങ്കിൽ എല്ലാം എളുപ്പമാകുമെന്നും, തന്റെ റെക്കോർഡ് നേട്ടങ്ങൾക്കും വേഗത്തിനും പിന്നിലെ യഥാർഥ പ്രചോദനം അമ്മ ഗ്ലോറിയയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെഎൽഎഫ് വേദിയിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

1988ലെ ഉത്തേജക മരുന്ന് വിവാദത്തിന് പിന്നാലെ ലോകം മുഴുവൻ തന്നെ ഒറ്റപ്പെടുത്തിയപ്പോഴും അമ്മ തനിക്കൊപ്പം ഉറച്ചുനിന്നതായും ബെൻ ജോൺസൺ പറഞ്ഞു. ഉത്തേജക മരുന്നുകൾ ഒരു യുവ കായികതാരത്തിന്റെ കരിയർ മാത്രമല്ല, ജീവിതം മുഴുവൻ തന്നെ നശിപ്പിക്കാൻ കഴിവുള്ളതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

“സ്പ്രിൻറർമാർ സൃഷ്ടിക്കപ്പെടുന്നതല്ല, ജനിക്കുകയാണ്” എന്ന് പറഞ്ഞ ജോൺസൺ, ദൃഢനിശ്ചയം, ഉത്സാഹം, അഭിനിവേശം എന്നിവയില്ലാതെ ഒരു കായികതാരത്തിനും വിജയിക്കാനാകില്ലെന്നും വ്യക്തമാക്കി. കായികരംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗം ഒരിക്കലും ഒരു താരത്തെ മഹാനായ കായികതാരമാക്കില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

“ഉത്തേജക മരുന്നുകൾ താൽക്കാലികമായി കരുത്ത് വീണ്ടെടുക്കാൻ സഹായിച്ചേക്കാം, അതുവഴി പ്രകടനം മെച്ചപ്പെടുന്നുവെന്ന് തോന്നാം. എന്നാൽ അതിന് ശാശ്വതതയില്ല,” എന്നും ബെൻ ജോൺസൺ കെഎൽഎഫ് വേദിയിൽ പറഞ്ഞു.