തെന്നിന്ത്യൻ ഭാഷകളിലെ സിനിമകള്‍ ചെയ്യാൻ ആഗ്രഹമുണ്ട്: ജാൻവി കപൂര്‍

single-img
27 December 2022

തെന്നിന്ത്യൻ ഭാഷകളിലെ സിനിമകള്‍ ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് യുവനടി ജാൻവി കപൂര്‍. തെലുങ്കിൽ കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആറിന്റെ നായികയായി ജാൻവി കപൂര്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

അധികം വൈകാതെ തന്നെ തനിക്ക് തെന്നിന്ത്യൻ ഭാഷാ സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജാൻവി കപൂര്‍ പറഞ്ഞു. നിലവിൽ ‘ബവാല്‍’, ‘മിസ്റ്റര്‍ ആൻഡ് മിസിസ് മഹി’ എന്നീ സിനിമകള്‍ ജാൻവി കപൂര്‍ നായികയായി ഹിന്ദിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകൻ. 2023 ഏപ്രില്‍ ഏഴിന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. ‘മിസ്റ്റര്‍ ആൻഡ് മിസിസ് മഹി’ എന്ന സിനിമ രാജ്‍കുമാര്‍ റാവു നായകനായി ശരണ്‍ ശര്‍മയാണ് സംവിധാനം ചെയ്യുന്നത്.

ജാൻവി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മിലി’യാണ്. മലയാളത്തിൽ ഇറങ്ങി സൂപ്പര്‍ഹിറ്റായി മാറിയ ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.മികച്ച പ്രതികരണം തിയറ്ററുകളില്‍ നിന്ന് ചിത്രം നേടിയിരുന്നു.