വിവാദങ്ങൾക്കു പിന്നാലെ സോഷ്യൽ മീഡിയയിൽനിന്ന് ഇടവേളയെടുത്ത് ദിയ കൃഷ്ണ

single-img
24 October 2026

കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോയെ പിന്തുണച്ചെന്ന വിവാദത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽനിന്ന് താൽക്കാലിക ഇടവേളയെടുത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിൽനിന്ന് കുറച്ചുകാലത്തേക്ക് വിട്ടുനിൽക്കുകയാണെന്ന് ദിയ സ്റ്റോറിയിലൂടെ അറിയിച്ചു. സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റിയിൽനിന്ന് മാറിനിൽക്കേണ്ടതുണ്ടെന്നും തന്നെ ഇതുവരെ സ്നേഹിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ദിയ കുറിച്ചു.

എത്ര സത്യസന്ധയും നല്ല മനസ്സുള്ളവളുമായിരുന്നാലും ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ വ്യക്തികളെ കടന്നാക്രമിക്കാനും ബന്ധങ്ങൾ തകർക്കാനും കഴിയുമെന്ന് താൻ തിരിച്ചറിഞ്ഞതായി ദിയ പറഞ്ഞു. “ഈ നെഗറ്റിവിറ്റിയിൽനിന്ന് എന്നെ ഡിടോക്സിഫൈ ചെയ്യാനുണ്ട്. കുറച്ചുസമയത്തേക്ക് ഇൻസ്റ്റഗ്രാമിനോട് ഗുഡ് ബൈ പറയുന്നു. എന്നെ ഇതുവരെ സ്നേഹിച്ച എല്ലാവർക്കും നന്ദി. ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും,” എന്നായിരുന്നു ദിയയുടെ കുറിപ്പ്.

കേരളത്തെക്കുറിച്ച് ഉത്തരേന്ത്യൻ വ്ലോഗർ പങ്കുവച്ച വിവാദ വീഡിയോയ്ക്ക് താഴെ ദിയ നടത്തിയ കമന്റാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഫോർട്ട് കൊച്ചിയിൽ മുസ്‌ലിംകൾ മാത്രമാണെന്നും കേരളം അപകടത്തിലാണെന്നും അവകാശപ്പെടുന്ന വീഡിയോയ്ക്ക് താഴെ ദിയ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റ് ചെയ്തിരുന്നു. ഇതോടെ ദിയക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായി.

വിവാദം രൂക്ഷമായതോടെ ദിയ വിശദീകരണവുമായി രംഗത്തെത്തി. വീഡിയോയുടെ ആദ്യഭാഗം മാത്രമാണ് താൻ കണ്ടതെന്നും കേരളത്തിലെ ഒരു കഫേയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടാണ് കമന്റ് ചെയ്തതെന്നും അവർ വിശദീകരിച്ചു. മുസ്‌ലിംകളോട് വിരോധമില്ലെന്നും അവർ കേരളം വിട്ടുപോകണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ദിയ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു വിശദീകരണം.