അഖിലേഷിന്റെ സാന്നിധ്യത്തിൽ എസ്.പി. നേതാക്കൾ തമ്മിൽ തർക്കം; രണ്ട് ജില്ലാ ഘടകങ്ങൾ പിരിച്ചുവിട്ടു

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഇറ്റാ, കാസ്ഗഞ്ച് ജില്ലകളിലെ പാർട്ടി സംഘടനാ ഘടകങ്ങൾ പിരിച്ചുവിട്ടു. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനിടെയാണ് സംഭവം.
എസ്.പി. നേതാവ് മൻജീത് യാദവും മുൻ ഇറ്റാ ജില്ലാ പഞ്ചായത്ത് ചെയർമാൻ ജുഗേന്ദ്ര സിംഗ് യാദവും തമ്മിലാണ് തർക്കമുണ്ടായത്. ജുഗേന്ദ്ര സിംഗ് യാദവിന്റെ ചില പരാമർശങ്ങളെ മൻജീത് യാദവ് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. പിന്നീട് സംഭവം രൂക്ഷമായതോടെ അഖിലേഷ് യാദവും മറ്റ് മുതിർന്ന നേതാക്കളും ഇടപെടുകയായിരുന്നു.
ജില്ലാ ഘടകങ്ങൾ പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിയമിക്കാനാണ് പാർട്ടി തീരുമാനം. നിലവിൽ ഇരു ജില്ലകളിലെയും ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളും ബിജെപിയുടെ കൈവശമാണ്.
അതേസമയം, ഉത്തർപ്രദേശിൽ ദളിത് വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങളും അഖിലേഷ് യാദവ് ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 151 അംബേദ്കർ പ്രതിമകൾ തകർക്കപ്പെട്ടെന്നും ഇതിൽ 45 കേസുകളിൽ മാത്രമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അഖിലേഷ് ആരോപിച്ചു.


