നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയത്; ഇഡിക്കെതിരെ മുഖ്യമന്ത്രി

single-img
8 December 2025

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിനെച്ചൊല്ലിയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം ഉയർത്തി. നോട്ടീസ് കൊടുത്താൽ സർക്കാർ ഭയന്ന് പിന്മാറുമെന്നാണോ കരുതിയതെന്ന് അദ്ദേഹം ചോദിച്ചു.

പദ്ധതികൾക്കായി വേണ്ടത്ര പണം ചെലവഴിച്ചിട്ടുണ്ടെന്നും ആവശ്യമായ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടീസ് അയക്കുന്നവർ തങ്ങളുടെ മനഃസന്തോഷത്തിനായി മാത്രമാണ് ഇത്തരത്തിലുള്ള നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുടെ പ്രവർത്തനരീതി ഭൂമിക്കച്ചവടമല്ലെന്നും, സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ബിസിനസ് രീതിയിലല്ല കിഫ്ബി ഇടപാടുകൾ നടത്തിയതെന്നും ഏറ്റെടുത്ത ഭൂമി അതാത് പദ്ധതികൾക്കായി മാത്രമാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങളിൽ നിന്ന് യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.