തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്പക്ഷം മത്സരിച്ചത് കോൺഗ്രസ്സ് – ബി ജെ പി സഖ്യത്തിനെതിരെയോ?; കണക്കുകൾ പറയുന്നത്

single-img
15 December 2025

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകൾ തകർക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ ഏക ലക്ഷ്യമെന്നും, അതിനായി ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അവർ തെരഞ്ഞെടുത്തതെന്നും വിമർശനം. വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിജയമാണ് തിരുവനന്തപുരത്തെ പോലെ കൊല്ലത്തും ആവർത്തിച്ചതെന്നും ആരോപിക്കുന്നു.

കൊല്ലം പരവൂർ നഗരസഭയിലെ വോട്ടിങ് പാറ്റേൺ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ വ്യക്തമാക്കുന്നതാണെന്ന് ഇടതുപക്ഷം പറയുന്നു. ബിജെപി വിജയിച്ച വാർഡുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും, പല ഇടങ്ങളിലും കോൺഗ്രസ്–ബിജെപി അനൗപചാരിക സഖ്യത്തിനെതിരായാണ് ഇടതുപക്ഷം നേരിട്ട് മത്സരിക്കേണ്ടി വന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ‘കോലി–ബി സഖ്യത്തെ’ പുനലൂർ പാലത്തിലൂടെ ആനയിച്ചുകൊണ്ടുവന്ന് ഐക്കരക്കോണത്ത് കോൺഗ്രസ് താമര വിരിയിച്ചതായി ഏരിയ കമ്മിറ്റി സെക്രട്ടറി പി. സജി ആരോപിച്ചു.

സിപിഎമ്മിന് ഒരിക്കലും ഇളകില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്ന നിരവധി കോർപ്പറേഷനുകളിലേക്ക് യുഡിഎഫ് കൈകോർത്ത് കടന്നുവന്നതായും, സർക്കാരിനെതിരെ വ്യാജ പ്രചാരണങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചാണ് കോൺഗ്രസ് പല ഇടങ്ങളിലും നേട്ടം കൈവരിച്ചതെന്നും ഇടതുപക്ഷം ആരോപിക്കുന്നു. ഇത്തിക്കര, കല്ലുവാതിൽക്കൽ, പെരിനാട് തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടുനില പരിശോധിച്ചാൽ വിജയം എൽഡിഎഫിനൊപ്പമായിരുന്നുവെങ്കിലും, എൻഡിഎയെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും പറയുന്നു.

പുനലൂർ മുനിസിപ്പാലിറ്റിയിൽ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ യുഡിഎഫിന്റെ സഹായമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. 2020ൽ 10 ഡിവിഷനുകളിൽ ഒതുങ്ങിയിരുന്ന കോൺഗ്രസ് ഇത്തവണ വോട്ടുകൾ മറിച്ചുവിട്ടിട്ടും, ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ലെന്നും വിലയിരുത്തുന്നു. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമല്ല, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ തുടങ്ങിയ ജില്ലകളിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള അനൗപചാരിക ‘പാലം’ വ്യക്തമായതായി ഇടതുപക്ഷം ആരോപിക്കുന്നു.