ദീപക്കിന്റെ ആത്മഹത്യ; യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

single-img
19 January 2026

സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചു ലൈംഗികാരോപണം നേരിട്ട പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിക്കെതിരെ പൊലീസ് നടപടിയെടുത്തു. ലഭിച്ച പരാതികളിൽ പ്രാഥമിക വിവരശേഖരണം നടത്തിയ ശേഷം യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ ബന്ധുക്കളുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. കൂടാതെ, വീഡിയോ പ്രചരിപ്പിച്ച യുവതിയുടെ മൊഴിയും പൊലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ പരാതി വ്യാജമാണെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. തെറ്റ് സംഭവിച്ചിരിക്കുകയാണെങ്കിൽ, പോലീസ് ആവശ്യാനുസരണം കേസെടുത്ത് മുന്നോട്ട് പോകും. ഒരു സംഭവം മാത്രം അടിസ്ഥാനമാക്കി സാമാന്യവത്കരണം ചെയ്യരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കപ്പെടും.