കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു

single-img
27 September 2026

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടന്നുവെന്ന് ആരോപിക്കുന്ന ആസൂത്രിത സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി നൽകി രണ്ട് മാസം പിന്നിട്ട ശേഷമാണ് പോലീസ് അന്വേഷണത്തിലേക്ക് കടന്നത്.

കെ.സി. വേണുഗോപാലിനെതിരെ നിരന്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റ് തെളിവുകളും സഹിതമാണ് ജോൺസൺ എബ്രഹാം പരാതി നൽകിയത്. എന്നാൽ പ്രാഥമിക ഘട്ടത്തിൽ പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും പരാതി നൽകിയതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി പരാതിക്കാരനായ ജോൺസൺ എബ്രഹാമിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കേസിന്റെ അന്വേഷണ ചുമതല സൈബർ സെൽ ഐജിക്ക് കൈമാറുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ കെ.സി. വേണുഗോപാലിനെതിരെ അധിക്ഷേപകരമായ പ്രചാരണം നടത്തിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.