കത്ത് വിവാദം സിപിഐഎം അന്വേഷിക്കും; അന്വേഷണശേഷം നടപടിയെടുക്കാൻ ധാരണ

single-img
7 November 2022

ഡി.ആർ അനിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് എഴുതി എന്ന് പറയപ്പെടുന്ന കത്ത് ചോർന്നത് സംബന്ധിച്ച് സിപിഎം അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയിൽ ധാരണയായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

ഡി.ആർ അനിൽ തന്നെയാണ് കത്ത് എഴുതിയതെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ സമ്മതിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് ഈ കത്ത് വന്നതെന്ന് തനിക്ക് അറിയില്ല എന്ന് ആണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെ കുറിച്ചാണ് സിപിഐഎം അന്വേഷിക്കുന്നത്.

വളരെ നിരുത്തരവാദപരമായ സമീപനം ചില പാർട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ഇവർക്കെതിരെ അന്വേഷണത്തിനുശേഷം ശക്തമായി നടപടിയെടുക്കാനാണ് ധാരണ.

സമീപകാലത്ത് തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റിയെ ഇത്രയധികം പ്രതിരോധത്തിലാക്കിയ ഒരു വിഷയം വേറെ ഉണ്ടായിട്ടില്ല എന്നാണ് സിപിഎമ്മിന്റെ പൊതുവായ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ശക്തമായ നടപടി വേണമെന്നും ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു.

അതേസമയം വ്യാജ കത്തുമായി ബന്ധപ്പെട്ടു മേയർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്. പോലീസ് അന്വേഷണത്തിൽ കാര്യങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് നോക്കിയിട്ടായിരിക്കും അതിനകത്ത് പാർട്ടി നടപടി എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും ഇന്ന് ചേർന്ന കമ്മിറ്റിയിൽ ധാരണയായി. എന്തായിരുന്നാലും കത്ത് ചോർച്ചയുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ വലിയ രീതിയിലുള്ള അച്ചടക്കം നടപടികൾക്ക് സാധ്യതയെയാണ് കാണുന്നത്