എന്നെ ട്രോളുന്നത് സിപിഎം-ബിജെപി പ്രവർത്തകർ: രമേശ് ചെന്നിത്തല

single-img
13 October 2022

ഖര്‍ഗെയെ പിന്തുണക്കുന്നതിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ തന്നെ ട്രോളുന്നത് സിപിഎം- ബിജെപി പ്രവര്‍ത്തകരാണെന്നാണ് ചെന്നിത്തല. സ്ഥാനാർത്ഥികളായ തരൂരിനും ഖാർഗെയ്ക്കും കോൺഗ്രസ് തുല്യ പ്രാധാന്യമാണ് നൽകുന്നതെന്നും, വ്യക്തിപരമായ പിന്തുണ താഴേത്തട്ടിൽ പ്രവർത്തിച്ച് അടക്കം പരിചയമുള്ള ഖാർഗേക്കാണെന്നും ചെന്നിത്തല വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ രഹസ്യബാലറ്റില്‍ ഒരത്ഭുതവും സംഭവിക്കില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെ കോൺഗ്രസ് അധ്യക്ഷനാകും. നിക്ഷ്പക്ഷമായി നിൽക്കുകയെന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിക്കുന്ന നിലപാട്. സ്ഥാനാർത്ഥികളിൽ ആർക്കും വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നില്ല. ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന് ഒരു നിർദ്ദേശം താഴേ തട്ടിലേക്ക് പോയിട്ടുണ്ടെന്ന ശശി തരൂരിന്റെ ആരോപണം ഏതർത്ഥത്തിലുള്ളതാണെന്ന് വ്യക്തമല്ലെന്നും ചെന്നിത്തല പറഞ്ഞു.

അതെ സമയം കേരളത്തിലെ നേതാക്കൾ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ, ശശി തരൂരിന് പിന്തുണയുമായി കെപിസിസി ആസ്ഥാനത്ത് അടക്കം പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടു. നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും നേരത്തെ ഫ്ലക്സ് ബോർഡുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു. ‘ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ.