സർക്കാരിലും മുന്നണിയിലും സി.പി.ഐ.എം ഏകാധിപത്യം; മുഖ്യമന്ത്രിക്കെതിരെയും സി.പി.ഐ വിമർശനം

സർക്കാരിലും ഇടതുമുന്നണിയിലും സി.പി.ഐ.എം ഏകാധിപത്യ സമീപനം സ്വീകരിക്കുന്നുവെന്ന കടുത്ത വിമർശനവുമായി സി.പി.ഐ രംഗത്തെത്തി. സർക്കാരിലെ നിർണായക തീരുമാനങ്ങൾ എല്ലാം മുഖ്യമന്ത്രി ഒറ്റയ്ക്കെടുക്കുകയാണെന്നും, നയപരമായ വിഷയങ്ങളിലുപോലും യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും സി.പി.ഐ ആരോപിച്ചു. പി.എം ശ്രീ പോലുള്ള വിഷയങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
വാർഡ് വിഭജനം അടക്കമുള്ള കാര്യങ്ങളിൽ സി.പി.ഐ.എമ്മിന്റെ ഏകപക്ഷീയ ഇടപെടലുണ്ടായെന്നും, ജില്ലാതലത്തിൽ തുടങ്ങി മുന്നണിയുടെ വിവിധ യോഗങ്ങളിൽ വരെ ചർച്ചകളില്ലാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യമാണെന്നും സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിമാരാണ് പ്രധാനമായും ഈ ആരോപണങ്ങൾ ഉന്നയിച്ചത്.
തോൽവിയല്ല, ഇടത് മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് നിലവിലെ പ്രധാന പ്രശ്നമെന്ന് സി.പി.ഐ വിലയിരുത്തി. എല്ലാ തീരുമാനങ്ങളും ഒരാൾ മാത്രം എടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നതെന്നും, മുഖ്യമന്ത്രി തെറ്റുപറ്റിയാൽ അത് തിരുത്താൻ ആളില്ലാത്ത സാഹചര്യമാണെന്നും വിമർശനമുണ്ടായി. ഇത് മുഖ്യമന്ത്രിയുടെ മാത്രം തെറ്റല്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
സാമുദായിക നേതാക്കളുമായി പരിധിവിട്ട ചങ്ങാത്തം തിരിച്ചടിയായെന്നും, മുസ്ലിം ന്യൂനപക്ഷത്തെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റുക എന്ന യു.ഡി.എഫ് അജണ്ട നടപ്പാക്കാൻ ഭരണനേതൃത്വത്തിന്റെ ചില പ്രസ്താവനകൾ സഹായകമായെന്നും സി.പി.ഐ ആരോപിച്ചു. ജനങ്ങളെ എതിരാക്കുന്ന പ്രവർത്തനങ്ങൾ യു.ഡി.എഫ് നടത്തിയെങ്കിലും, മുഖ്യമന്ത്രിയുടെ പല നടപടികളും അവരുടെ ജോലി എളുപ്പമാക്കിയെന്നും വിമർശനത്തിൽ ചൂണ്ടിക്കാട്ടി.


