മഴക്കുറവിനെയും ജനങ്ങളുടെ വൈദ്യുതി ഉപയോഗത്തെയും പഴിച്ച് രക്ഷപെടാൻ ശ്രമിക്കുന്നു; പവര്‍കട്ട് തുടരുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം

സംസ്ഥാനത്ത് പവര്‍കട്ട് തുടരുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം. മഴക്കുറവിനെയും ജനങ്ങളുടെ വൈദ്യുതി ഉപയോഗത്തെയും പഴിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം.എല്‍നിനോ പ്രതിഭാസം മൂലം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇത് കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങള്‍ വിപണിയില്‍നിന്ന് മുന്‍കൂട്ടി വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിച്ചു.
200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ‘സെക്കി’യുമായി വ്യാഴാഴ്ചയുണ്ടാക്കിയ കരാറും പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. ആസൂത്രണത്തിലെ പാളിച്ച പരിഹരിക്കാന്‍ നടപടിയെടുക്കാതെ കേരളത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണെന്ന് സിപിഐഎം വിമര്‍ശിച്ചു.സംസ്ഥാനത്ത് നഗര, ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം പവര്‍കട്ട് ഏര്‍പ്പെടുത്തിയതോടെ ജനം വലയുന്നു.
പീക്ക് അവറില്‍ മാത്രം വൈദ്യുതി നിയന്ത്രണമെന്ന പ്രഖ്യാപനം വിഴുങ്ങി. രാത്രി ഏഴുമുതല്‍ 12 വരെ പല സമയത്തായി രണ്ട് മണിക്കൂര്‍ വരെയാണ് പവര്‍കട്ടെന്നും സിപിഐഎം പറഞ്ഞു.


