ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ 29കാരന്‍ അറസ്റ്റില്‍

single-img
31 August 2022

ഗര്‍ഭിണിയായിരുന്ന പശുവിനെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പശ്ചിമ ബംഗാളിൽ യുവാവ് അറസ്റ്റില്‍. പശുവിന്റെ ഉടമയായ ആരതി ഭൂയയുടെ പരാതിയെ തുടര്‍ന്ന് 29വയസുള്ള പ്രദ്യുത് ഭൂയയാണ് പിടിയിലായത്. സംസ്ഥാനത്തെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ നോര്‍ത്ത് ചന്ദന്‍പിഡി മേഖലയിലാണ് സംഭവം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അയല്‍വാസി തന്റെ വീടിന് പിന്നിലെ കന്നുകാലി തൊഴുത്തില്‍ കയറി ഒരു പശുവിനെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ആരതി പോലീസിൽ നൽകിയിരുന്ന പരാതി. സംഭവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം ഉണ്ടായതോടെ പശു ചത്തു. ഇത് പീഡനത്തെ തുടര്‍ന്നാണെന്നാണ് ഉടമ പരാതിപ്പെടുന്നത്.

ഐ പി സി 377-ാം വകുപ്പ് പ്രകാരമാണ് പ്രദ്യുതിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച കാക്ദ്വീപ് സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രദ്യുതിനെതിരെ മുമ്പും പരാതികളുണ്ടെന്ന് പ്രദേശിവാസികള്‍ പറയുന്നു. ഇയാള്‍ ആട്, വാഹനങ്ങള്‍, പച്ചക്കറികള്‍ അടക്കമുള്ളവ മോഷ്ടിച്ചെന്നാണ് പരാതി.