തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ല; മേയർക്കെതിരെ മന്ത്രി വി ശിവൻകുട്ടി

single-img
31 December 2025

നഗരസഭാ അതിർത്തിക്കുള്ളിൽ മാത്രമേ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താവൂ എന്ന മേയർ വി.വി. രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ‘സ്വതന്ത്ര രാജ്യം’ അല്ലെന്നും, ഗതാഗത സൗകര്യങ്ങൾ അതിർത്തി കെട്ടി തടയുന്നത് വികസന വിരുദ്ധവും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിരുദ്ധവുമാണെന്നും മന്ത്രി പറഞ്ഞു.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ചെലവിന്റെ 60 ശതമാനത്തിലധികവും സംസ്ഥാന സർക്കാർ വഹിക്കുന്നതായും, കോർപ്പറേഷന്റെ വിഹിതം 135.7 കോടി രൂപ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം കെ.എസ്.ആർ.ടി.സിയുടേതാണെന്നും, ത്രികക്ഷി കരാർ പ്രകാരമാണ് സർവീസ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത ക്രമീകരണത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ മേയറിന് അധികാരമില്ലെന്നും, ഉപദേശക സമിതിയുടെ അധ്യക്ഷൻ എന്ന നിലയിലുമാത്രമാണ് അദ്ദേഹത്തിന്റെ പദവിയെന്നും ശിവൻകുട്ടി പറഞ്ഞു. മുൻ മേയർമാരുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ മേയറിന്റെ വികസന സമീപനം പിന്നിലാണെന്നും മന്ത്രി പരിഹസിച്ചു.