എഫ്സിആർഎ ഭേദഗതി ബിൽ: ആർഎസ്എസിനെതിരെ പ്രതിപക്ഷം ; ബിൽ ജെപിസിക്ക് വിട്ടു

single-img
13 August 2026

വിദേശ സംഭാവനാ നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബിൽ 2026-നെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻജിഒകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് ബില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപി രംഗത്തെത്തി. ആർഎസ്എസ് വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുമ്പോൾ, സർക്കാർ ന്യൂനപക്ഷങ്ങളെയും സന്നദ്ധസംഘടനകളെയും മാത്രം ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച പ്രമേയമാണ് ശബ്ദവോട്ടോടെ അംഗീകരിച്ചത്. 31 അംഗ ജെപിസി ശീതകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ബിൽ ആർഎസ്എസ് പോലുള്ള സംഘടനകളെ ഒഴിവാക്കി ന്യൂനപക്ഷങ്ങൾ നടത്തുന്ന എൻജിഒകളെ ലക്ഷ്യമിടുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നും വിശദമായ പരിശോധനയ്ക്കായാണ് സമിതിക്ക് വിടുന്നതെന്നും സർക്കാർ വ്യക്തമാക്കി.

കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ബില്ലുകൾ സമിതിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നത് പ്രതിപക്ഷം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, “ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാത്ത ഒരു ബിൽ എങ്കിലും സർക്കാർ കൊണ്ടുവന്നിട്ടുണ്ടോ?” എന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിരിച്ചടിച്ചു.

എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുകയോ കാലാവധി തീരുകയോ ചെയ്യുന്ന എൻജിഒകളുടെ ആസ്തികൾ നിയന്ത്രിക്കുന്നതിനായി ‘നിർദ്ദിഷ്ട അതോറിറ്റി’ രൂപീകരിക്കാനാണ് ഭേദഗതി ബിൽ നിർദേശിക്കുന്നത്. ഫണ്ടുകളുടെ വിനിയോഗം, ലൈസൻസ് സസ്പെൻഷൻ കാലത്തെ ആസ്തി നിയന്ത്രണം, പിഴകൾ യുക്തിസഹമാക്കൽ, അന്വേഷണം ആരംഭിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി എന്നിവയും ബില്ലിലെ പ്രധാന വ്യവസ്ഥകളാണ്.

കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പിനെ തുടർന്ന് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ ഏപ്രിലിൽ മാറ്റിവെച്ചിരുന്നു. ഇപ്പോൾ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചതോടെയാണ് വിവാദം ശക്തമായത്.