2023 ഡിസംബറോടെ അയോധ്യ മസ്ജിദിന്റെ നിർമാണം പൂർത്തിയാകുമെന്ന് ട്രസ്റ്റ്

single-img
13 November 2022

2023 ഡിസംബറോടെ അയോധ്യ മസ്ജിദിന്റെ നിർമാണം പൂർത്തിയാകുമെന്ന് പള്ളിയുടെ നിർമ്മാണ ചുമതലയുള്ള ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ. നിർദിഷ്ട മസ്ജിദ്, ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി, റിസർച്ച് സെന്റർ എന്നിവ അടങ്ങിയ വിശദമായ പ്ലാൻ ഈ മാസം അവസാനത്തോടെ അയോധ്യ വികസന അതോറിറ്റിയുടെ അനുമതികൈകേയി സമർപ്പിച്ചിരുന്നു. അതിൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി അതർ ഹുസൈൻ പറഞ്ഞു.

മസ്ജിദിനെ കൂടാതെ 100 കിടക്കകളോടെ ആശുപത്രിയാകും ആദ്യം ആരംഭിക്കുക. പിന്നീട് അതിനെ 200 കിടക്കകളുള്ള ആശുപത്രിയായി നവീകരിക്കും. കൂടാതെ കമ്മ്യൂണിറ്റി കിച്ചണിന് തുടക്കത്തിൽ പ്രതിദിനം 1,000 പേർക്ക് ഭക്ഷണം നൽകാനുള്ള ശേഷി ഉണ്ടായിരിക്കും, തുടർന്ന് 2,000 ആളുകൾക്ക് ഭക്ഷണം നൽകുന്നതിനായി വികസിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

മസ്ജിദിനും മറ്റ് സൗകര്യങ്ങൾക്കുമായി അഗ്നിശമന വകുപ്പിൽ നിന്ന് എൻഒസി ലഭിക്കുന്നതിനുള്ള അപേക്ഷ ഒരു മാസം മുമ്പ് പരിശോധിച്ചപ്പോൾ വീതി കുറഞ്ഞ അപ്രോച്ച് റോഡിനെതിരെ വകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചതായി ഹുസൈൻ പറഞ്ഞു. ഇക്കാര്യം ഉടൻ തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. അടിയന്തര നടപടി സ്വീകരിച്ച് അപ്രോച്ച് റോഡ് വീതികൂട്ടാൻ അധിക ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള നടപടികൾ ഭരണസമിതി പൂർത്തിയാക്കിയതായി ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.

ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ സ്ഥലത്ത് രാമക്ഷേത്രം പണിയാനും ഉത്തർപ്രദേശിൽ മസ്ജിദ് പണിയാൻ അഞ്ച് ഏക്കർ അനുവദിക്കാനും സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിനായുള്ള ‘ഭൂമി പൂജ’ 2020 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു, ക്ഷേത്ര ട്രസ്റ്റ് പറയുന്നതനുസരിച്ചു 2024 ജനുവരിയിൽ ഭക്തർക്കായി ക്ഷേത്രം തുറന്നു കൊടുക്കും. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 ആദ്യം ആണ് നടക്കാനിരിക്കുന്നത്.