സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: കെ സുധാകരൻ

single-img
8 December 2022

സില്‍വല്‍ ലൈന്‍/ കെ റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍.

കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ കെ റെയില്‍ അടിച്ചേല്‍പ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണെന്നും ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ അതെല്ലാം കോണ്‍ഗ്രസ് പിഴുതെറിഞ്ഞിരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. കടംകയറി പെരുകിയ ഖജനാവില്‍ നിന്നും കോടികള്‍ പൊടിച്ച് ആവശ്യമായ പഠനമോ കേന്ദ്രാനുമതിയോ ഇല്ലാതെയാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ കെ റെയില്‍ പദ്ധതിയുമായി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. അതുകൊണ്ടാണ് ഭൂമിയേറ്റെടുക്കാന്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിന്‍വലിച്ച് പിന്തിരിഞ്ഞോടിയത്.

പക്ഷെ ജാള്യത കാരണം ഈ തോല്‍വി പരസ്യമായി സമ്മതിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. കെ റെയില്‍ എന്നത് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു പദ്ധതിയാണ്. പോലീസിന്റെ ബൂട്ടും ലാത്തിയും പ്രയോഗിച്ച് ജനത്തിന്റെ നടുവൊടിച്ച് പദ്ധതി നടപ്പാക്കാമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വന്തം ഭൂമി സംരക്ഷിക്കാന്‍ പ്രതിഷേധിച്ച സാധാരണക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള മാന്യത സര്‍ക്കാര്‍ കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.