ഭരണഘടനയ്ക്കും ഫെഡറലിസത്തിനും നേരെയുള്ള ആക്രമണം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ തള്ളി കോൺഗ്രസ്

single-img
16 September 2023

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ ആശയത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈദരാബാദിൽ ഇന്ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. കോൺഗ്രസ് പ്രവർത്തകസമിതി യോഗം കഴിഞ്ഞ ശേഷം മാധ്യമങ്ങളെക്കണ്ട കോൺഗ്രസ് നേതാവ് പി ചിദംബരമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയും ഫെഡറലിസത്തിന് നേരെയുമുള്ള ആക്രമണമാണ് ഈ നിയമം. നിരവധി ഭേദഗതികൾ ഈ നിയമത്തിന് ആവശ്യമാണ്. അത് നടക്കില്ലെന്നും ബിജെപിക്ക് അറിയാം. എന്നിട്ടും അവർ ഇതുപോലെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യിക്കുന്നത് രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.

അതേസമയം, പുനഃസംഘടിപ്പിക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകസമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ഹൈദരാബാദിൽ നടന്നത്. ഈ യോഗത്തിൽ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണുയർത്തിയത്. പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ പൊളളയായ മുദ്രാവാക്യങ്ങള്‍ കൊണ്ട് മൂടിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.