ഏക സിവിൽകോഡ്‌; കോൺഗ്രസ്‌ ജാഗ്രത കാണിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

single-img
10 December 2022

ഏക സിവിൽകോഡ്‌ വിഷയം ഗൗരവമേറിയ വിഷയം ആണ് എന്നും, ഇക്കാര്യത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണം എന്നും പി കെ കുഞ്ഞാലിക്കുട്ടി. രാജ്യസഭയിൽ ഇന്നലെ വന്നത്‌ സ്വകാര്യ ബില്ലാണ്‌. എതിർത്ത്‌ സംസാരിക്കാൻ കോൺഗ്രസിലെ ആരേയും കാണാത്തതാണ്‌ ലീഗ്‌ അംഗത്തിന്റെ പരാമർശത്തിന്‌ കാരണം. എന്നാൽ ഭാവിയിൽ കോൺഗ്രസടക്കമുള്ള മതേതര പാർട്ടികൾ ഇത്‌ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്നലെ എക സിവിൽകോഡ്‌ സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള്‍ എതിര്‍പ്പുന്നയിക്കാതെ കോണ്‍​ഗ്രസ് വിട്ടുനിന്നിരുന്നു. ലീഗ്‌ അംഗം അബ്‌ദുൾ വഹാബ്‌ കോൺഗ്രസിനെ പ്രസംഗത്തിനിടെ വിമർശിച്ചിരുന്നു. ഇക്കാര്യത്തിലാണ്‌ ലീഗ്‌ നേതാക്കളുടെ പ്രതികരണം.

എന്നാൽ പ്രസംഗസമയത്ത്‌ കോൺഗ്രസിലെ ആരേയും കാണാത്തകാര്യം അബ്‌ദുൾ വഹാബ്‌ പറഞ്ഞതാണെന്നും മറ്റ്‌ വിലയിരുത്തലുകൾ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ്‌ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ് ഇത്‌ എന്നതിൽ തർക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.