മോദി അദാനിക്കൊപ്പം; കോൺഗ്രസ് ജനങ്ങൾക്കൊപ്പം: രാഹുല്‍ ഗാന്ധി

single-img
16 April 2023

അയോഗ്യതക്കു കാരണമായ മോദി പരാമർശം നടത്തിയ കർണാടകയിലെ കോലാറിൽ വെച്ച് വീണ്ടും നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എം പി രാഹുൽ ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി പ്രവർത്തിക്കുമ്പോൾ, പ്രധാനമന്ത്രി അദാനിക്കുവേണ്ടി ആണ് പ്രവർത്തിക്കുന്നത് എന്നാണു രാഹുലിന്റെ വിമർശനം.

പ്രധാനമന്ത്രി, നിങ്ങൾക്ക് ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നൽകാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് പാവപ്പെട്ടവർക്കും സ്ത്രീകൾക്കും യുവാക്കൾക്കും പണം നൽകാം. നിങ്ങൾ അദാനിയെ പൂർണ്ണഹൃദയത്തോടെ സഹായിച്ചു, കർണാടകയിലെ ജനങ്ങളെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സഹായിക്കും. അദാനിയുടെ ഷെൽ കമ്പനിയിൽ 20,000 കോടി രൂപ ആരുടെയാണ് എന്ന് ഞാൻ ചോദിച്ചു. അതിനു ശേഷം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പാർലമെന്റ് പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കാത്ത സ്ഥിതിയുണ്ടായി. സാധാരണഗതിയിൽ പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിക്കുമെങ്കിലും സർക്കാരിന്റെ മന്ത്രിമാർ ആദ്യമായിട്ടാണ് പാർലമെന്റ് സ്തംഭിപ്പിക്കുന്ന- രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നെ പാർലമെന്റിൽ നിന്ന് പുറത്താക്കി ഭീഷണിപ്പെടുത്താൻ എന്നാണു ബിജെപി കരുതുന്നത്. എനിക്ക് അവരെ പേടിയില്ല. ഞാൻ വീണ്ടും ആവർത്തിക്കുന്നു, പ്രധാനമന്ത്രി, അദാനിയുടെ ഷെൽ കമ്പനിയിലെ ഈ 20,000 കോടി ആരുടെതാണ്? ഇതിനുള്ള ഉത്തരം കിട്ടുന്നത് വരെ ഞാൻ ചോദ്യം ആവർത്തിക്കും- രാഹുൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണമെത്ര? സര്‍ക്കാരിന് കണക്കുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഒ.ബി.സിക്കുവേണ്ടിയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കില്‍ കണക്ക് പറയൂ. യു.പി.എ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസിലെ വിവരങ്ങള്‍ പുറത്തുവിടണം. കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറി തസ്തികകളില്‍ അടക്കം ഒ.ബി.സി പ്രാതിനിധ്യം ഏഴു ശതമാനമേയുള്ളൂവെന്നും രാഹുല്‍ ആരോപിച്ചു.