ഫണ്ടില്ല; കോൺഗ്രസ് കൂപ്പണ്‍ അടിച്ച് പണം പിരിക്കാൻ ആലോചിക്കുന്നതായി രമേശ് ചെന്നിത്തല

single-img
26 March 2024

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്താൻ ഫണ്ടില്ലാത്തതിനാൽ പ്രതിസന്ധിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടിയുടെ പണം ബിജെപി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിൽ കൂപ്പണ്‍ അടിച്ച് പണം പിരിക്കാനാണ് ആലോചന.

ഈ കാര്യത്തിൽ ജനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ക്യാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രാദേശിക അടിസ്ഥാനത്തില്‍ പണപ്പിരിവ് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിന്റെ ഭാഗമായി കൂപ്പണ്‍ അടിച്ച് ബൂത്ത് തലം വരെ നല്‍കി പണം പിരിക്കാമെന്ന നിര്‍ദേശം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നോട്ട് വെച്ചെന്ന് വിവരമുണ്ടായിരുന്നു. പിസിസികളും സ്ഥാനാര്‍ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം.