ബിജെപിയിലേക്ക് പോകുമെന്ന് സംശയം; രാജ്യസഭാ സീറ്റിൽ കമൽനാഥിനെ പരിഗണിക്കാതെ കോൺഗ്രസ്

single-img
14 February 2024

രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് മുൻ മുഖ്യമന്ത്രിയായ കമൽനാഥ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കില്ല.ഇതോടൊപ്പം അദ്ദേഹം നിര്‍ദ്ദേശിച്ച സജ്ജൻ സിംഗ് വർമയ്ക്കും സീറ്റ് നൽകിയില്ല. അശോക് സിങിനാണ് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ സീറ്റ് നൽകിയത്.

മുതിർന്ന നേതാവായ അജയ് മാക്കന് കർണ്ണാടകയിൽ സീറ്റ് നൽകി. ഒപ്പം സയ്യിദ് നാസര്‍ ഹുസൈൻ, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ക്കും സീറ്റ് നൽകി. അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ രേണുക ചൗധരിയും അനിൽ കുമാര്‍ യാദവുമാണ് രാജ്യസഭയിലേക്ക് എത്തുക.

കമൽനാഥ്, സോണിയാ ഗാന്ധിയുടെ വിശ്വസ്ഥനെന്ന നിലയിലും കോൺഗ്രസിലെ പ്രധാന നേതാവാണ്. എന്നാൽ ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹം ശക്തമാണ്. അതിനിടയിലാണ് സംസ്ഥാനത്ത് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിൽ അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പരിഗണിക്കാതിരുന്നത്. ബിജെപി കമൽനാഥിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

മധ്യപ്രദേശിൽ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായതിന് പിന്നാലെയാണ് കമൽനാഥിന്റെ നീക്കം. വിവേക് തൻഖയും കമൽനാഥിനൊപ്പം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.