ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം; ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച്‌ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി

single-img
2 March 2023

ചെന്നൈ: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ഇറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച്‌ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവികെഎസ് ഇളങ്കോവന്റെ ലീഡ് 15,000ത്തിലധികമായി. ചെന്നൈയിലടക്കം കോണ്‍ഗ്രസ്, ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. എഐഡിഎംകെ സ്ഥാനാര്‍ഥി കെഎസ് തെന്നരസുവാണ് രണ്ടാം സ്ഥാനത്ത്.

മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ കോണ്‍ഗ്രസും ഒന്നില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. കസ്ബ പോട്ടില്‍ നിയമസഭാ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രവിന്ദ്ര ധങ്കേക്കര്‍ 7000 വോട്ടിന് മുന്നിലാണ്. ബിജെപി സ്ഥാനാര്‍ഥി ഹേമന്ത് രസാനെയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമാകും. ആര്‍എസ്‌എസ്- ബിജെപി ശക്തികേന്ദ്രമാണ് കസ്ബ. കഴിഞ്ഞ മുപ്പത് വര്‍ഷമായി ബിജെപി സ്ഥാനാര്‍ഥിയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയം നേടിയത്.

ചിഞ്ച് വാഡ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ബിജെപി സ്ഥാനാര്‍ഥി അശ്വനി ജഗ്താപിന്റെ ലീഡ് പതിനായിത്തിലധികമാണ് . ബിജെപി എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ് രണ്ടിടത്തും ഉപതെരഞ്ഞടുപ്പ് നടന്നത്.

ബംഗാളിലെ മുര്‍ഷിദാബാദിലെ സാഗര്‍ദിഖി മണ്ഡലത്തില്‍ ഇടത് – കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് സാഗര്‍ദിറി. അയ്യായിരത്തിലധികമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ലീഡ്. നിലവില്‍ ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗങ്ങളില്ല.