മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്–ബിജെപി സഖ്യം തെളിഞ്ഞു; ജനങ്ങളോട് മാപ്പ് പറയണമെന്ന് എം സ്വരാജ്

കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടകൂറുമാറ്റമുണ്ടായ തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് നല്‍കിയ ബിജെപി പിന്തുണ വീണ്ടും ചര്‍ച്ചയാക്കി സിപിഐഎം. ബിജെപി പിന്തുണയോടെ വിജയിച്ച വൈസ് പ്രസിഡന്റിനെ രാജി വെപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ലെന്ന് എം സ്വരാജ് ആരോപിച്ചു. സഖ്യം പുറത്തുവരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം അത് തള്ളിപ്പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം കൊണ്ടാണ് കോണ്‍ഗ്രസ് പൂര്‍ണമായും ബിജെപിയായി മാറിയതെന്ന് എം സ്വരാജ് വിമര്‍ശിച്ചു. രാജിവെയ്ക്കാന്‍ പറഞ്ഞുവെന്നതൊക്കെ നാടകമായിരുന്നുവെന്നും, നേതൃത്വം അറിഞ്ഞുകൊണ്ടും നേതൃതലത്തില്‍ ആലോചിച്ച് ഉറപ്പിച്ചുമാണ് മറ്റത്തൂരില്‍ കോണ്‍ഗ്രസ്–ബിജെപി സഖ്യം രൂപപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
വാക്കിന് വില കല്‍പ്പിക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെങ്കില്‍ കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്–ബിജെപി ഇരുകൂട്ടര്‍ക്കുമെതിരെയും മതനിരപേക്ഷവാദികള്‍ ഉറച്ച നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


